ബംഗാളില്‍ പോളിങ് ബൂത്തിന് സമീപം ബിജെപി- തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി
പശ്ചിമബംഗാളിലെ ബിദാന്‍ നഗര്‍ നിയോജകമണ്ഡലത്തിലെ സുകാന്ത നഗര്‍ പ്രദേശത്തെ പോളിങ് ബൂത്തിന് സമീപമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ ബിജെപി- തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പശ്ചിമബംഗാളിലെ ബിദാന്‍ നഗര്‍ നിയോജകമണ്ഡലത്തിലെ സുകാന്ത നഗര്‍ പ്രദേശത്തെ പോളിങ് ബൂത്തിന് സമീപമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. സുരക്ഷയുടെ ഭാഗമായി കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥരെ പ്രദേസത്ത് വിന്യസിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.
വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഇരുവിഭാഗവും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. ഇരുവരും പരസ്പരം കല്ലും ഇഷ്ടികയും എറിഞ്ഞു. ഇതെത്തുടര്‍ന്ന് എട്ടോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഫയര്‍ സര്‍വീസ് മന്ത്രിയുമായ സുജിത്ത് ബോസും എതിരാളിയായ ബിജെപി സ്ഥാനാര്‍ഥി സബ്യാസാച്ചി ദത്തയും തമ്മിലുള്ള പോരാണ് സംഘര്‍ഷത്തിന് കാരണം.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സബ്യാസാച്ചി ദത്ത 2019 ഒക്ടോബറിലാണ് ബിജെപിയില്‍ ചേര്‍ന്നത്. ജല്‍പായ്ഗുരി, കലിംപോങ്, ഡാര്‍ജിലിംഗ്, നാദിയ, നോര്‍ത്ത് 24 പര്‍ഗാനാസ്, പൂര്‍ബ ബാര്‍ധമാന്‍ എന്നീ ജില്ലകളിലായി 45 നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. 39 വനിതകളടക്കം 319 സ്ഥാനാര്‍ഥികളാണ് ഇത്തവണ മല്‍സരരംഗത്തുള്ളത്. ആറാം ഘട്ടത്തിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 22നാണ് നടക്കുക.