ദീപാവലി സാധനങ്ങള്‍ വാങ്ങുന്നത് 'സ്വന്തം ആളുകളില്‍' നിന്നാവണം: സംഘപരിവാര്‍

മറ്റൊരു സമുദായത്തിലെ തീവ്രവാദികളില്‍ നിന്ന് ഒന്നും വാങ്ങരുതെന്നാണ് ബിജെപിയുടെ അസം ഭാരവാഹിയും മുന്‍ എംപിയുമായ ഹരീഷ് ദ്വിവേദി ആവശ്യപ്പെട്ടിരിക്കുന്നത്.

Update: 2024-10-29 15:30 GMT

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്കുള്ള വസ്തുക്കള്‍ 'സ്വന്തം ആളുകളില്‍' നിന്ന് മാത്രം വാങ്ങണമെന്ന് സംഘപരിവാര സംഘടനകള്‍. ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും മധ്യപ്രദേശിലെയും ബിജെപി നേതാക്കളും മറ്റു സംഘപരിവാര സംഘടനകളുമാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മറ്റൊരു സമുദായത്തിലെ തീവ്രവാദികളില്‍ നിന്ന് ഒന്നും വാങ്ങരുതെന്നാണ് ബിജെപിയുടെ അസം ഭാരവാഹിയും മുന്‍ എംപിയുമായ ഹരീഷ് ദ്വിവേദി ആവശ്യപ്പെട്ടിരിക്കുന്നത്.

'ദീപാവലി വിശ്വാസത്തിന്റെയും ശുചിത്വത്തിന്റെയും ഉത്സവമാണ്. ഹിന്ദുക്കള്‍ അത് വളരെ ആദരവോടെ ആഘോഷിക്കുന്നു. ഇതൊരു ഹിന്ദു ഉത്സവമാണ്. വിശ്വാസത്തിനും വിശ്വാസങ്ങള്‍ക്കും ഒരു കോട്ടവും സംഭവിക്കില്ലെന്ന് ഉറപ്പുള്ളിടത്ത് നിന്ന് സാധനങ്ങള്‍ വാങ്ങണം. മറ്റൊരു സമുദായത്തിലെ അംഗങ്ങള്‍ വില്‍ക്കുന്ന വസ്തുക്കള്‍ ബഹിഷ്‌കരിക്കുക എന്നതായിരിക്കും ഹിന്ദുക്കളുടെ ഏറ്റവും മികച്ച ഉത്തരം.'' - ഹരീഷ് ദ്വിവേദി പറയുന്നു.


'ചില കച്ചവചക്കാര്‍ ഭക്ഷണ സാധനങ്ങള്‍ മനുഷ്യ വിസര്‍ജ്യവുമായി കലര്‍ത്തുന്ന വീഡിയോകള്‍ മുമ്പ് വൈറലായിട്ടുണ്ട്. അവര്‍ എന്തെങ്കിലും വാങ്ങുമ്പോള്‍ അവരുടെ വിശ്വാസം നിലനില്‍ക്കുമെന്ന് ഉറപ്പാക്കുന്നവരാണ്. മുസ്‌ലിംകള്‍ അവര്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഹിന്ദുക്കളും ശുദ്ധമായ വസ്തുക്കള്‍ മാത്രമേ വാങ്ങൂ എന്ന് ഉറപ്പാക്കണം.''-ദ്വിവേദി വിശദീകരിച്ചു.

ചെറുകിട വ്യാപാരികള്‍ക്ക് ഹിന്ദു ആഘോഷങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കണമെന്ന വികാരമാണ് ഈ നീക്കത്തിന് പിന്നിലെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രാന്ത പ്രചാര് പ്രമുഖ് ജിതേന്ദ്ര ചൗഹാന്‍ പറഞ്ഞു.


'ദീപാവലി ആഘോഷിക്കുന്ന കൂടുതല്‍ ആളുകള്‍ ഹിന്ദുക്കളില്‍ നിന്ന് വാങ്ങിയാല്‍ ചെറുകിട കച്ചവടക്കാര്‍ക്ക് ഗുണം ചെയ്യും. അവരുടെ വീടുകളില്‍ ദീപാവലി മികച്ച രീതിയില്‍ ആഘോഷിക്കാന്‍ കഴിയുമെന്ന് ഇത് ഉറപ്പാക്കും''-ജിതേന്ദ്ര ചൗഹാന്‍ പറയുന്നു.

കന്‍വാര്‍ റൂട്ടിലെ കടകളിലും ഭക്ഷണശാലകളിലും യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് മുസാഫര്‍നഗര്‍ പോലീസ് ഉത്തരവിട്ടത് നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു.

Tags:    

Similar News