ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം; സിപിഎമ്മിനും തൃണമൂലിനും തിരിച്ചടി

സിപിഎമ്മിന് മൂന്ന് സീറ്റുകളും,തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റും മാത്രമേ നേടാനായുള്ളൂ

Update: 2021-11-29 05:45 GMT

ന്യൂഡല്‍ഹി: ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരി.നവംബര്‍ 25 ന് നടന്ന തിരഞ്ഞെടുപ്പില്‍ 222 സീറ്റുകളില്‍ 217 ഇടത്തും ബിജെപി വിജയിച്ചു.സിപിഎമ്മിന് മൂന്ന് സീറ്റുകള്‍ ലഭിച്ചു.ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ.ടിഐപിആര്‍എ മോതയും ഒരിടത്ത് വിജയിച്ചു. ആകെയുള്ള 334 സീറ്റുകളില്‍ 112 ഇടത്ത് ബിജെപി നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 222 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ഇതോടെ ആകെയുള്ള 334 സീറ്റുകളില്‍ 329 ഇടത്തും ബിജെപി ജയിച്ചു. 51 വാര്‍ഡുകളുള്ള അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പൂര്‍ണമായി ബിജെപി തൂത്തുവാരി. അംബാസ നഗര്‍ പഞ്ചായത്ത്, പാനിസാഗര്‍ നഗര്‍ പഞ്ചായത്ത്, കൈലാഷഹര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ എന്നിവിടങ്ങളിലാണ് സിപിഎം ഓരോ സീറ്റ് നേടിയത്.അംബാസയിലാണ് തൃണമൂല്‍ ഒരു സീറ്റ് നേടിയത്. ടിഐപിആര്‍എ മോതയും ഒരു സീറ്റില്‍ വിജയിച്ചത് ഈ പ്രദേശത്താണ്. ത്രിപുര തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.ത്രിപുരയിലെ ജനങ്ങള്‍ വ്യക്തമായ സന്ദേശം നല്‍കി.ബിജെപിക്ക് നല്‍കിയ അസന്ദിഗ്ധമായ പിന്തുണക്ക് ഞാന്‍ അവരോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.നല്ല ഭരണത്തിന് അനുകൂലമായ വോട്ടര്‍മാരില്‍ നിന്നുള്ള സന്ദേശമാണിതെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഇത് ചരിത്രപരമായ വിജയമാണെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു.''ത്രിപുരയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കാണണം,ഭൂരിപക്ഷന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവര്‍ ഒരുമിച്ച് നരേന്ദ്ര മോദിയുടെ കീഴിലുള്ള വികസനത്തിന് അനുകൂലമായി വോട്ട് ചെയ്തു'' എന്നും ദേബ് പറഞ്ഞു. ത്രിപുരയെ അപമാനിക്കാനും ഗൂഢാലോചനയിലൂടെ താഴ്ത്തിക്കെട്ടാനും ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ജനവിധിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേര് പറയാതെ ദേബ് പരാമര്‍ശിച്ചു. ബിജെപി ത്രിപുരയില്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണിത്. ബിജെപി അക്രമം അഴിച്ചുവിട്ട് വോട്ടര്‍മാരെ ഭീതിയിലാക്കിയെന്നും തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുകയുണ്ടായി. പോളിങ് സെന്റെറുകളില്‍ വരെ ബിജെപിയുടെ ഗുണ്ടകള്‍ തങ്ങളുടെ അനുഭാവികളെ ഭീഷണിപ്പെടുത്തിയെന്ന് സിപിഎമ്മും പരാതിപ്പെട്ടു. തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല. ത്രിപുരയിലെ അക്രമങ്ങള്‍ക്കെതിരെ തൃണമൂലും സിപിഎമ്മും നല്‍കിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്.

Tags:    

Similar News