ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട 'ആള്‍ദൈവ'ത്തിന് നിരന്തരം പരോള്‍ നല്‍കിയ ജയില്‍ ഓഫിസര്‍ ഇനി ബിജെപി എംഎല്‍എ
ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി ഹാട്രിക് ജയത്തോടെ ഭരണം നിലനിര്‍ത്തിയിരിക്കുകയാണ്. കര്‍ഷകപ്രക്ഷോഭം ഉള്‍പ്പെടെ പലവിധ എതിര്‍പ്പുകള്‍ക്കിടയിലും ബിജെപി വന്‍ നേട്ടം കൈവരിച്ചതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. അതിലൊന്നാണ് ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട 'ആള്‍ദൈവം' ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനോടുള്ള സര്‍ക്കാരിന്റെ അനുകൂല നിലപാട്. ഒടുവില്‍ കൊടുംകുറ്റവാളിക്ക് നിരന്തരം പരോള്‍ അനുവദിച്ചുനല്‍കിയ ജയില്‍ ഓഫിസര്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിച്ച് ജയിച്ചു. ദാദ്രിയില്‍ നിന്നാണ് ഹരിയാന മുന്‍ ജയില്‍ ഉദ്യോഗസ്ഥനായ സുനില്‍ സാങ്‌വാന്‍ ജയിച്ചത്.
കോണ്‍ഗ്രസിന്റെ മനീഷാ സാങ്‌വാനെ 1,957 വോട്ടുകള്‍ക്കാള്‍ പരാജയപ്പെടുത്തിയത്. ഗുര്‍മീത് റാം റഹീമിന് ആറ് തവണയാണ് ഇയാള്‍ പരോള്‍ അനുവദിച്ചിരുന്നത്. ഇതാദ്യമായാണ് ബിജെപി ഈ സീറ്റില്‍ വിജയിക്കുന്നത്. 2014ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥി സോംവീര്‍ സാങ് വാന്‍ വിജയിക്കുകയും 2009ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷനല്‍ ലോക്ദളിന്റെ രാജ്ദീപ് ഫോഗട്ട് സീറ്റ് വിജയിക്കുകയും ചെയ്ത സീറ്റാണിത്. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കഴിഞ്ഞ മാസം ഗുര്‍മീത് റാം റഹീമിന് 21 ദിവസത്തെ പരോള്‍ നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ 10ാമത്തെ പരോളാണിത്. ഹരിയാന സര്‍ക്കാര്‍ പരോള്‍ നല്‍കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുമെന്ന് കോണ്‍ഗ്രസ് പരാതിപ്പെടുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ ബലാല്‍സംഗം ചെയ്ത കേസില്‍ ഹരിയാനയിലെ റോഹ്തക്കിലെ ജയിലില്‍ 20 വര്‍ഷം തടവ് അനുഭവിക്കുകയാണ് 'ആള്‍ദൈവം' ഗുര്‍മീത് റാം റഹീം. ഹരിയാന തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് ഒക്ടോബര്‍ രണ്ടിന് ഇയാളെ ജയിലില്‍നിന്ന് പരോളില്‍ വിട്ടയച്ചിരുന്നു. ഇതിനുശേഷം ഇയാളഉടെ അനുയായികള്‍ ആറ് ജില്ലകളില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ വേണ്ടി പ്രചാരണം നടത്തിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.