മെഡിക്കല്‍ കോളജില്‍ വിതരണം ചെയ്ത പിപിഇ കിറ്റുകളില്‍ ചോരക്കറ; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

Update: 2020-10-04 15:51 GMT

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ വിതരണം ചെയ്ത പിപിഇ കിറ്റുകളില്‍ ചോരക്കറ കണ്ടെത്തി. ഞായറാഴ്ച രാവിലെ നഴ്‌സുമാര്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന പായ്ക്കറ്റ് പൊളിച്ചപ്പോഴാണ് ജാക്കറ്റില്‍ ചോരക്കറ കണ്ടെത്തിയത്. ആദ്യം ഇത്തരത്തിലുള്ള ഒരെണ്ണമാണ് ശ്രദ്ധയില്‍പ്പെട്ടതെങ്കിലും പിന്നീട് 10ഓളം കിറ്റുകളില്‍ ചോരക്കറ കണ്ടെത്തുകയായിരുന്നു. നേരത്തേ ഉപയോഗിച്ചശേഷം കഴുകി വീണ്ടും പായ്ക്ക് ചെയ്ത് എത്തിച്ചതാണെന്നാണു നിഗമനം. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുന്നത് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴിയാണ്. എന്നാല്‍, കോര്‍പറേഷന് ഇതില്‍ ഉത്തരവാദിത്വമില്ലെന്നും പായ്ക്ക് ചെയ്ത പിപിഇ കിറ്റുകള്‍ തിരുവനന്തപുരത്ത് കേന്ദ്രീകൃത രീതിയില്‍ വാങ്ങുകയും അവ വിതരണം ചെയ്യുകയും മാത്രമാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു. ഒരാഴ്ച മുമ്പും ഇത്തരം സംഭവം ഉണ്ടായെന്നാണ് ആശുപത്രിയില്‍ നിന്നു വാര്‍ത്ത പുറത്തുവരുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷിതത്വത്തെയും ജീവനും ജീവിതവും തകര്‍ക്കാന്‍ അഴിമതി നടത്തുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏജന്റുമാരായി നിയമിച്ച് വ്യാപക അഴിമതി നടത്താന്‍ ആരോഗ്യ മന്ത്രിയുടെ ഓഫിസില്‍ ഷാഡോ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Blood stains on PPE kits distributed at the Medical College; Congress wants probe





Tags:    

Similar News