കപില്‍ മിശ്ര അതിഥി; ഡല്‍ഹി കലാപത്തെ കുറിച്ചുള്ള പുസ്തക പ്രസിദ്ധീകരണത്തില്‍ നിന്ന് ബ്ലൂംസ്‌ബെറി പിന്‍മാറി

പുസ്തക പ്രകാശനത്തിനെതിരെ സാമൂഹിക സാംസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തുകയായിരുന്നു. പുസ്തക പ്രകാശന പരിപാടിയില്‍ കപില്‍ മിശ്രയ്ക്ക് പുറമെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭുപേന്ദ്ര യാദവ് ,സിനിമാ പ്രവര്‍ത്തകന്‍ വിവേക് അഗ്‌നിഹോത്രി, ഓപ് ഇന്ത്യ എഡിറ്റര്‍ നുപൂര്‍ ശര്‍മ എന്നിവരേയും ക്ഷണിച്ചിരുന്നു.

Update: 2020-08-22 16:45 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെ കുറിച്ച് ബ്ലൂംസ്‌ബെറി ഇന്ത്യ പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന പുസ്തകം പിന്‍വലിച്ചു. മോണിക്ക അറോറ, സോണാലി ചിതല്‍കര്‍, പ്രേരണ മല്‍ഹോത്ര എന്നിവര്‍ എഴുതിയ ഡല്‍ഹി റിയോട്‌സ് 2020; ദി അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തില്‍ നിന്നാണ് പ്രസാധകരായ ബ്ലൂംബെറി പിന്‍മാറുകയാണെന്ന് വ്യക്തമാക്കിയത്. പുസ്തകം കള്ളം പ്രചരിപ്പിക്കുന്നതാണെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രസാധകരുടെ പിന്‍മാറ്റം.

പുസ്തകവുമായി ബന്ധപ്പെട്ട് രചയിതാവ് മോണിക്കാ അറോറ സംഘടിപ്പിച്ച പരിപാടിയില്‍ കലാപത്തിന് തിരികൊളുത്തിയ ബിജെപി നേതാവ് കപില്‍ മിശ്ര അതിഥിയായി പങ്കെടുത്തതും വിവാദമായിരുന്നു. പുസ്തക പ്രകാശനത്തിനെതിരെ സാമൂഹിക സാംസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തുകയായിരുന്നു. പുസ്തക പ്രകാശന പരിപാടിയില്‍ കപില്‍ മിശ്രയ്ക്ക് പുറമെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭുപേന്ദ്ര യാദവ് ,സിനിമാ പ്രവര്‍ത്തകന്‍ വിവേക് അഗ്‌നിഹോത്രി, ഓപ് ഇന്ത്യ എഡിറ്റര്‍ നുപൂര്‍ ശര്‍മ എന്നിവരേയും ക്ഷണിച്ചിരുന്നു.

എന്നാല്‍ എഴുത്തുകാരി സംഘടിപ്പിച്ച പരിപാടിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് പ്രസാധകര്‍ വ്യക്തമാക്കി. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തില്‍ നിന്നു പിന്‍മാറുകയാണെന്നും ബ്ലൂംസ്‌ബെറി ഇന്ത്യ അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും അതേസമയം സമൂഹത്തോട് തങ്ങള്‍ക്ക് ആഴത്തിലുള്ള ഉത്തരവാദിത്തബോധമുണ്ടെന്നും പ്രസാധകര്‍ കൂട്ടിച്ചേര്‍ത്തു.

കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് ഡല്‍ഹിയില്‍ വംശീയാതിക്രമം പൊട്ടിപ്പുറപ്പെട്ടത്. മുസ്‌ലിംകള്‍ക്കെതിരെ നടന്ന കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. 400 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. മുസ് ലിംകളുടെ ഉടമസ്ഥയിലുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളും മുസ് ലിം വീടുകളും അഗ്നിക്കിരയായി. പള്ളികള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.   

Tags:    

Similar News