കൊക്കയാറില്‍ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; തിരച്ചില്‍ തുടരുന്നു

Update: 2021-10-17 09:42 GMT

ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി കൊക്കയാറില്‍നിന്ന് മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊക്കയാര്‍ കൂട്ടിക്കല്‍ ചേരിപ്പുറത്ത് കല്ലുപുരയ്ക്കല്‍ വിട്ടില്‍ സിയാദിന്റെ മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഹ്‌സാന ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.


 മൂന്ന് കുട്ടികളും കെട്ടിപ്പിടിച്ചുകിടക്കുന്ന രീതിയിലായിരുന്നു. സിയാദിന്റെ ഭാര്യ ഫൗസിയ സിയാദ് (28), അമീന്‍ സിയാദ് (10) എന്നിവരടക്കം ഇനി അഞ്ച് പേരെ കൂടി ഇവിടെ നിന്നും കണ്ടത്തേണ്ടതുണ്ട്.


 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാവിലെ ഏഴുമണി മുതല്‍ എന്‍ഡിആര്‍എഫിന്റെയും ഫയര്‍ഫോഴ്‌സിന്റെയും എസ്ഡിപിഐ, പോപുലര്‍ ഫ്രണ്ട് വളന്റിയര്‍ ടീമിന്റെയും നേതൃത്വത്തിലാണ് ഇവിടെ തിരച്ചില്‍ തുടരുന്നത്. ഡോഗ് സ്‌ക്വാഡും അപകടസ്ഥലത്തുണ്ട്.


 മൃതദേഹങ്ങള്‍ പൂര്‍ണമായി മണ്ണില്‍ പൊതിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതേസമയം, കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് മരിച്ച 11 പേരുടെയും മൃതദേഹം കണ്ടെത്തി. ഒരു കുടുംബത്തിലെ ആറ് പേര്‍ ഉള്‍പ്പടെയാണ് മരിച്ചത്.


 പെരുവന്താനം നിര്‍മലഗിരിയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയില്‍ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലില്‍പ്പെട്ടത്.


 മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


 ചുരുങ്ങിയ സമയത്തില്‍ തോരാതെ പെയ്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കുന്ന പെരുമഴയ്ക്ക് കാരണം ലഘുമേഘവിസ്‌ഫോടനമാണെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News