കടലില്‍ മരിച്ച മല്‍സ്യതൊഴിലാളിയുടെ മൃതദേഹം ആളുമാറി കബറടക്കി; അന്വേഷണം വേണമെന്ന ആവശ്യം ശക്തം
മല്‍സ്യബന്ധനം നടത്തി തിരിച്ചുവരുന്നതിനിടെ തിരയില്‍പെട്ട് കാണാതായ പൊന്നാനി സ്വദേശിയായ കബീറിന്റെ മൃതദേഹമാണ് ആളുമാറി സംസ്‌ക്കരിച്ചത്.
പൊന്നാനി: ബോട്ട് മറിഞ്ഞ് മരിച്ച മത്സ്യതൊഴിലാളിയുടെ മൃതദേഹം ആളുമാറി കബറടക്കിയെന്ന് പരാതി. മല്‍സ്യബന്ധനം നടത്തി തിരിച്ചുവരുന്നതിനിടെ തിരയില്‍പെട്ട് കാണാതായ പൊന്നാനി സ്വദേശിയായ കബീറിന്റെ മൃതദേഹമാണ് ആളുമാറി സംസ്‌ക്കരിച്ചത്. മരിച്ച കബീറിന്റെ ബന്ധുക്കളെ കാണിച്ച് ഉറപ്പുവരുത്താതെ പോലിസ് താനൂരില്‍ നിന്നും കാണാതായ യുവാവിന്റെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകൊടുക്കുകയായിരുന്നു.
ഈ മാസം ആറാം തിയ്യതിയാണ് ഫൈബര്‍ വള്ളം മറിഞ്ഞ് കബീറിനെ പൊന്നാനിയില്‍ കടലില്‍ കാണാതായത്. അതേദിവസം തന്നെ താനൂരില്‍ വള്ളം മറിഞ്ഞ് താനൂര്‍ സ്വദേശികളായ ഉബൈദ്, കുഞ്ഞുമോന്‍ എന്നിവരേയും കാണാതായിരുന്നു. മൂന്നു പേര്‍ക്കുമായുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ നാലു ദിവസം മുമ്പാണ് ഒരാളുടെ മൃതദേഹം താനൂരില്‍ നിന്നും കിട്ടിയത്. ഇത് താനൂരിലെ ഉബൈദാണെന്ന് ബന്ധുക്കള്‍ അവകാശപ്പെടുകയും മൃതദേഹം പോലിസ് വിട്ടുകൊടുക്കുകയും താനൂരിലെ പള്ളി കബര്‍സ്ഥാനില്‍ മൃതദേഹം കബറടക്കുകയും ചെയ്തു.
അതേസമയം, മൃതദേഹത്തിന്റെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് മരിച്ചത് കബീറാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. അതിനിടെ, ഇന്നലെ കാസര്‍കോട് കടലില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തുകയും ഇത് താനൂരില്‍ നിന്നും കാണാതായ ഉബൈദിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇതോടെ നേരത്തെ കബറടക്കിയ മൃതദേഹം കബീറിന്റേതു തന്നെയാണെന്നു ഉറപ്പിക്കപ്പെട്ടു. മൃതദേഹം ആളുമാറി കബറടക്കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.