കണ്ണൂരില്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞു
കണ്ണൂര്‍ സ്വദേശി പ്രജീഷിന്റേതാണ് മൃതദേഹമെന്ന് പോലിസ് അറിയിച്ചു. മരം മോഷണക്കേസില്‍ പോലിസിന് വിവരങ്ങള്‍ കൈമാറിയിരുന്ന വ്യക്തിയാണ് പ്രജീഷ്.
കണ്ണൂര്‍: കണ്ണൂര്‍ പൊതുവാച്ചേരിയില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്വദേശി പ്രജീഷിന്റേതാണ് മൃതദേഹമെന്ന് പോലിസ് അറിയിച്ചു. മരം മോഷണക്കേസില്‍ പോലിസിന് വിവരങ്ങള്‍ കൈമാറിയിരുന്ന വ്യക്തിയാണ് പ്രജീഷ്.
പ്രതികളെ തിരിച്ചറിഞ്ഞതായും മോഷണക്കേസിലെ പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പോലിസിന് കൈമാറിയതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായി കണ്ണൂര്‍ അസി.കമ്മീഷണര്‍ പി പി സദാനന്ദന്‍ പറഞ്ഞു.
പ്രതികള്‍ ഒളിവിലാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലിസ് അറിയിച്ചു. നാലു ലക്ഷം രൂപയുടെ തേക്ക് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ആഗസ്ത് ഒമ്പതിന് അബ്ദുഷുക്കൂര്‍, റിയാസ് എന്നിവര്‍ പിടിയിലായിരുന്നു. ഇവരാണ് പ്രജീഷിനെ കൊലപ്പെടുത്തിയതെന്നാണ് പോലിസ് അനുമാനം. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷമാണ് കൊലപാതകം നടത്തിയത്.
ചാക്കില്‍ കെട്ടിയ നിലയില്‍ റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി പ്രജീഷിനെ കാണാനില്ലായിരുന്നു.