ഷാരൂഖ് ഖാന് നേരെയും വധഭീഷണി; കേസെടുത്ത് മുംബൈ പോലിസ്
ബാന്ദ്ര പോലിസ് സ്റ്റേഷനിലേക്കാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണില്‍ ഭീഷണി സന്ദേശം വന്നത്
മുംബൈ: പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാന് വധ ഭീഷണി. സല്മാന് ഖാനെതിരേ ലോറന്‍സ് ബിഷ്ണോയ് സംഘത്തില്‍നിന്ന് പലതവണ ഭീഷണി ഉയര്‍ന്നതിനു പിന്നാലെയാണ് ഷാരൂഖിനെതിരായ പുതിയ ഭീഷണി.ബാന്ദ്ര പോലിസ് സ്റ്റേഷനിലേക്കാണ് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണില്‍ ഭീഷണി സന്ദേശം വന്നത്. പണം നല്‍കിയില്ലെങ്കില്‍ ഷാരൂഖ് ഖാനെ വധിക്കുമെന്നായിരുന്നു ഭീഷണി. ഫോണില്‍ ഭീഷണി മുഴക്കിയ അജ്ഞാതനെ കണ്ടെത്തുന്നതിന് അന്വേഷണം ആരംഭിച്ചതായി ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭാരതീയ ന്യായ സംഹിതയിലെ 308 (4), 351 (3) (4) എന്നിവ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. വധ ഭീഷണിയോ ഗുരുതരമായ പരിക്കേല്‍പ്പിക്കലോ ഉള്‍പ്പെടെയുള്ള കൊള്ളയടിക്കല്‍, ക്രിമിനല്‍ ഭീഷണി എന്നിവയാണ് പ്രസ്തുത വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍.
വ്യാപകമായ അന്വേഷണത്തിനായി വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. ഛത്തീസ്ഗഡിലെ റായ്പൂരില്നിന്നാണ് ഫോണ്‍ സന്ദേശമെന്ന് സംശയിക്കുന്നുണ്ടെങ്കിലും പോലിസ് സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയതിന് ഫയാസ് ഖാന് എന്നയാള്‍ക്ക് മുംബൈ പോലിസ് നോട്ടീസ് നല്‍കുന്നുണ്ടെന്ന് റായ്പൂര്‍ പോലിസ് പറഞ്ഞു.