ചൂരല്‍മലയിലെ ഭക്ഷ്യ വസ്തുക്കളില്‍ പുഴു; അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി കലക്ടര്‍

Update: 2024-11-07 15:49 GMT

കല്‍പ്പറ്റ: മേപ്പാടി ചൂരല്‍മലയില്‍ ദുരന്ത ബാധിതര്‍ക്ക് ഉപയോഗ യോഗ്യമല്ലാത്ത ചില ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ജില്ലാ കലക്ടര്‍ മേഘശ്രീ അറിയിച്ചു. ടി സിദ്ധീഖ് എം എല്‍ എ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ ബാബു, മെമ്പര്‍മാര്‍ എന്നിവരുമായി നടന്ന ചര്‍ച്ചയിലാണ് കലക്ടര്‍ ഇക്കാര്യമറിയിച്ചത്. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ നല്‍കുന്ന ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങള്‍ ഗുണമേന്‍മ ഉറപ്പ് വരുത്തേണ്ടതാണ്. ആവശ്യമെങ്കില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ലഭ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള എല്ലാ വസ്തുക്കളും സമയബന്ധിതമായി വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്നാണ് പരാതി ഉയര്‍ന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കളാണ് പഞ്ചായത്ത് വിതരണം ചെയ്തതെന്നാണ് പരാതി. അഞ്ച് ഭക്ഷ്യ കിറ്റുകളിലാണ് പുഴുവിനെ കണ്ടത്.





Similar News