ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് നിര്‍മാണം; പോലിസിന്റെ കുറ്റകരമായ നിസ്സംഗത അവസനിപ്പിക്കുക-എസ് ഡിപി ഐ
കണ്ണൂര്‍: ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് നിര്‍മാണത്തെ കുറിച്ച് പോലിസ് തുടരുന്ന കുറ്റകരമായ നിസംഗതയുടെ മറ്റൊരു സാക്ഷ്യം കൂടിയാണ് ഇന്ന് തലശ്ശേരി എരഞ്ഞോളിയിലുണ്ടായ സംഭവമെന്ന് എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്തവനയില്‍ കുറ്റപ്പെടുത്തി. നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ വിഷ്ണു എന്ന ആര്‍എസ്എസ്സുകാരന്റെ ഇരു കൈപ്പത്തിയും അറ്റു എന്ന വാര്‍ത്ത അത്യന്തം ഗൗരവമായി പോലിസ് അധികൃതര്‍ കാണണം. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ മാരക ശേഷിയുളള ബോംബ് നിര്‍മാണം തകൃതിയായി നടക്കുന്നു എന്ന് തെളിവുകള്‍ സഹിതം വ്യക്തമായിട്ടും പോലിസ് പേരിന് പോലും ഒരു റെയ്ഡ് നടത്താന്‍ തയ്യാറാവാത്തത് ദുരൂഹമാണ്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇരിട്ടി കാക്കയങ്ങാട്ട് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സംഘപരിവാറുകാരനായ അയിച്ചോത്ത് സ്വദേശി സന്തോഷ്, ഭാര്യ ലസിത എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. അതിന് മുമ്പും നിര്‍മാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റിട്ടുള്ളയാളാണ് ആയിച്ചോത്ത് സന്തോഷ്. എന്നാല്‍ പോലിസ് ഇതെല്ലാം ലാഘവത്തോടെയാണ് കണ്ടത്. സംഭവത്തിന് പിന്നിലെ ആസൂത്രണമോ സ്‌ഫോടകശേഖരം എത്തിക്കുന്ന കേന്ദ്രത്തെ കുറിച്ചോ ഒരന്വേഷണവും ഉണ്ടായില്ല. 2022 ജനുവരിയില്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം നടന്നിരുന്നു. പയ്യന്നൂര്‍ ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആലക്കാട്ട് ബിജു. മുമ്പും ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റയാളാണ് ബിജു.
പ്രാദേശികതലത്തില്‍ ഇത്തരം ക്രിമിനലുകളായ ബോംബ് നിര്‍മാണ വിദഗ്ധരെ ഉപയോഗിച്ച് കലാപം സൃഷ്ടിക്കാനും ക്രമസമാധാന നില തകര്‍ക്കാനും ശ്രമിക്കുന്ന ആര്‍എസ്എസ് നീക്കത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം പോലിസ് ചെവി കൊള്ളാത്തത് ആഭ്യന്തര വകുപ്പിലെ സംഘി സ്വാധീനം കാരണമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്‌ഫോടനം നടക്കുന്ന സ്ഥലങ്ങളില്‍ ഉടനടി തെളിവ് നശിപ്പിക്കപ്പെടുന്നതും പരിക്കേല്‍ക്കുന്ന ആര്‍എസ്എസുകാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുന്നതും പോലിസിന് പോലും കൃത്യമായ വിവരം ലഭിക്കാത്തതുമെല്ലാം കൂട്ടിവായിച്ചാല്‍ സംഭവത്തില്‍ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഉണ്ടാവുന്നുണ്ടെന്ന് വ്യക്തമാണ്. ഇതു സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.