ബോംബ് നിര്‍മാണദൃശ്യം വാട്‌സ് ആപ് സ്റ്റാറ്റസാക്കി ആര്‍എസ്എസ് പ്രവര്‍ത്തകന്‍(വീഡിയോ)

Update: 2023-04-25 09:54 GMT

കണ്ണൂര്‍: ബോംബ് നിര്‍മാണദൃശ്യം വാട്‌സ് ആപ് സ്റ്റാറ്റസാക്കി ആര്‍എസ്എസ് പ്രവര്‍ത്തകന്‍. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടം മുഴപ്പിലങ്ങാട്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരസ്യമായി ബോംബ് നിര്‍മിക്കുകയും റോഡിലെറിഞ്ഞ് പൊട്ടിക്കുകയും ചെയ്ത് ഇതിന്റെ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസാക്കിയത്. സംഭവത്തില്‍ എസ്ഡിപി ഐ കൂടക്കടവ് ബ്രാഞ്ച് ഭാരവാഹികള്‍ എടക്കാട് സി ഐയ്ക്ക് നല്‍കിയ പരാതിയില്‍ കേസെടുത്തതായി പോലിസ് അറിയിച്ചു. ആര്‍എസ്എസ് കേന്ദ്രമായ മുഴപ്പിലങ്ങാട് വിവേകാനന്ദ നഗറിലാണ് പട്ടാപ്പകല്‍ ബോംബ് നിര്‍മാണവും പരിശീലനവും നടന്നത്. ഒരു യുവാവ് തെങ്ങിനുപിന്നില്‍ നിന്ന് ബോംബ് കെട്ടുന്നതാണ് വീഡിയോയിലുള്ളത്. കരിങ്കല്‍ച്ചീളുകളും വെടിമരുന്നുകളും ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ വ്യക്തമായി കാണിച്ച ശേഷം തെങ്ങിനു പിറകില്‍ നിന്ന് ബോംബ് വലിച്ചുകെട്ടുന്നതാണ് വീഡിയോയിലുള്ളത്. ബോംബ് നിര്‍മിക്കുമ്പോള്‍ പൊട്ടിത്തെറിക്കുകയാണെങ്കില്‍ മുഖത്തും മറ്റും പരിക്കേല്‍ക്കാതിരിക്കാനാണ് ഇത്തരത്തില്‍ തെങ്ങിനോ മരത്തിനോ പിന്നില്‍ നിന്ന് കൈകള്‍ മാത്രം മുന്‍ഭാഗത്താക്കി കെട്ടുന്നത്. നിര്‍മിച്ച ശേഷം റോഡിലെത്തി രണ്ടുതവണ ബോംബ് പൊട്ടിക്കുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം മൊബൈലില്‍ പകര്‍ത്തിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. അശ്വന്ത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ദൃശ്യം വാട്‌സ് ആപ് സ്റ്റാറ്റസ് ആക്കിയതോടെയാണ് ഇക്കാര്യം പ്രദേശവാസികള്‍ അറിഞ്ഞത്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കൂടക്കടവ് ബ്രാഞ്ച് ഭാരവാഹികള്‍ എടക്കാട് സി ഐയ്ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് എടക്കാട് പോലിസ് കേസെടുത്തത്. പരിശീലനത്തിന്റെ ഭാഗമായതിനാല്‍ വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്നാണ് നിഗമനം. ആര്‍എസ്എസ് കേന്ദ്രമായ വിവേകനന്ദ നഗറില്‍ ആയുധപരിശീലനവും ബോംബ് നിര്‍മാണവും നടക്കുന്നതായി നേരത്തെയും പരാതികളുയര്‍ന്നിരുന്നു. പുറത്തു നിന്നെത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ബോംബ് നിര്‍മാണത്തിനുള്ള പരിശീലനം നല്‍കുന്നതെന്നാണ് ആരോപണം. പ്രദേശത്ത് ആയുധങ്ങള്‍ സംഭരിച്ച് ആര്‍എസ്എസ് കലാപത്തിന് കോപ്പ് കൂട്ടുകയാണെന്നും കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും എസ്ഡിപിഐ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

   Full View

കണ്ണൂര്‍ ജില്ലയില്‍ വ്യപകമായ തോതില്‍ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ആയുധശേഖരണവും ബോംബ് നിര്‍മാണവും നടക്കുന്നതായി ആക്ഷേപമുയരുന്നുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് തലശ്ശേരിക്കു സമീപത്തെ എരഞ്ഞോളിയില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി വിഷ്ണു എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ തകര്‍ന്നിരുന്നു. ജില്ലയില്‍ മാത്രം ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ മാസങ്ങള്‍ക്കുള്ളില്‍ നാലോളം സ്ഥലങ്ങളിലാണ് നിര്‍മാണത്തിനിടെ ബോംബ് പൊട്ടിയത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇരിട്ടി കാക്കയങ്ങാട്ട് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അയിച്ചോത്ത് സ്വദേശി സന്തോഷ്, ഭാര്യ ലസിത എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. മുമ്പും ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി സന്തോഷിനു പരിക്കേറ്റിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഇരിട്ടി ചാവശ്ശേരിയില്‍ ബോംബ് പൊട്ടി അസം സ്വദേശികളും കുടിയേറ്റ തൊഴിലാളികളുമായ പിതാവും മകനും കൊല്ലപ്പെട്ടിരുന്നു. ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടെ ആര്‍എസ്എസ് കേന്ദ്രത്തില്‍ ഒളിപ്പിച്ചു വച്ച ബോംബ് പൊട്ടിത്തെറിച്ചാണ് ഇരുവരും മരണപ്പെട്ടത്. ഇത്തരം സംഭവങ്ങളിലെല്ലാം അന്വേഷണം എങ്ങുമെത്താറില്ല. സ്‌ഫോടക വസ്തുക്കളുടെ ഉറവിടത്തെ കുറിച്ചോ മറ്റോ അന്വേഷണം നടക്കാറില്ല. ഇതാണ് ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണം തകൃതിയായി നടക്കാന്‍ കാരണമെന്നും ആക്ഷേപം ശക്തമാണ്.

Tags:    

Similar News