പാലപ്പുഴ ആര്‍എസ്എസ് കേന്ദ്രത്തിലെ ആയുധ ശേഖരം; സമഗ്രാന്വേഷണം വേണമെന്ന് എസ് ഡിപിഐ
ഇരിട്ടി: പാലപ്പുഴ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് പിടികൂടിയ ആയുധ ശേഖരത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ് ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ പി മുഹമ്മദ്. ഇന്നലെ വൈകീട്ടാണ് ആര്‍എസ്എസ് സ്ഥിരമായി ശാഖ നടത്താറുളള പാലപ്പുഴ പ്രദേശത്ത് നിന്ന് ആയുധ ശേഖരം പിടികൂടിയത്. കഴിഞ്ഞ മാസമാണ് തൊട്ടടുത്ത പ്രദേശമായ ആയിച്ചോത്ത് നിന്ന് ആര്‍എസ്എസ് ക്രിമിനല്‍ സന്തോഷിന്റെ വീട്ടില്‍ നിന്ന് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം നടന്നത്. ആര്‍എസ്എസ് കേന്ദ്രത്തിലെ ബോംബ് നിര്‍മ്മാണവും ആയുധ ശേഖരവും തുടര്‍ക്കഥയായിട്ടും പോലിസ് നിസ്സംഗത പാലിക്കുകയാണെന്ന് ജനങ്ങളില്‍ ആക്ഷേപമുണ്ട്. നാടിനെ അശാന്തിയിലേക്ക് നയിക്കുന്ന സംഘപരിവാര്‍ ക്രിമിനലുകളുടെ ഗൂഢാലോചനയും ആയുധ സംഭരണവും പൊതുജനം തിരിച്ചറിയണം. പല സ്ഥലങ്ങളിലും ആയുധ ശേഖരം നടത്തി പരിശീലിക്കുകയും ബോംബ് നിര്‍മ്മാണം നടത്തുകയും ചെയ്ത് കലാപത്തിന് കോപ്പുകൂട്ടാന്‍ ആര്‍എസ്എസ് ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. കാക്കയങ്ങാട് പാലപ്പുഴ മേഖലയിലെ ആര്‍എസ്എസിന്റെ ആയുധപ്പുരകള്‍ റെയ്ഡ് ചെയ്ത് സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കണമെന്നും എ പി മുഹമ്മദ് ആവശ്യപ്പെട്ടു.