'കണ്ണുകള്‍ ചൂഴ്‌ന്നെടുക്കും, കൈകള്‍ വെട്ടിമാറ്റും'; കര്‍ഷകര്‍ക്കെതിരേ കൊലവിളിയുമായി ബിജെപി എംപി
പാര്‍ട്ടി പൊതുയോഗത്തിനിടെയായിരുന്നു എംപിയുടെ ഈ പരാമര്‍ശം. എംപിയുടെ കൊലവിളി പരാമര്‍ശത്തെ സദസ്സ് കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്.
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കെതിരേ കൊലവിളി പ്രസംഗവുമായി ഹരിയാനയിലെ റോഹ്തക്കില്‍നിന്നുള്ള ബിജെപി എംപി അരവിന്ദ് ശര്‍മ്മ. പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകന്‍ മനീഷ് ഗ്രോവറിനെ എതിര്‍ക്കുന്നവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്നും കൈകള്‍ വെട്ടിമാറ്റുമെന്നുമായിരുന്നു എംപിയുടെ കൊലവിളി.
പാര്‍ട്ടി പൊതുയോഗത്തിനിടെയായിരുന്നു എംപിയുടെ ഈ പരാമര്‍ശം. എംപിയുടെ കൊലവിളി പരാമര്‍ശത്തെ സദസ്സ് കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്.
റോഹ്തക് ജില്ലയിലെ കിലോയ് ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളില്‍ രോഷാകുലരായ കര്‍ഷകര്‍ ബിജെപി നേതാവായ മനീഷ് ഗ്രോവറെയും കൂട്ടാളികളേയും ഇന്നലെ ഘരാവോ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അരവിന്ദ് ശര്‍മ്മയുടെ ഭീഷണി പ്രസംഗം. കാര്‍ഷിക നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവര്‍ കോണ്‍ഗ്രസുകാരാണെന്നും ബിജെപി നേതാക്കളെ 'തൊട്ടാല്‍' കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നുമാണ് എംപിയുടെ ഭീഷണി.
പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ പ്രസംഗം തല്‍സമയം കാണാന്‍ ക്ഷേത്രത്തില്‍ പോയ ബിജെപി നേതാക്കളെയാണ് കര്‍ഷകര്‍ ബന്ദിയാക്കിയത്. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്നവരെ 'തൊഴിലില്ലാത്ത മദ്യപാനികള്‍' എന്നും പ്രതിഷേധം നീട്ടാനുള്ള 'മോശം ഘടകങ്ങള്‍' എന്നും മനീഷ് ഗ്രോവര്‍ വിളിച്ചതാണ് കര്‍ഷകരെ ചൊടിപ്പിച്ചത്.ബന്ദിയാക്കിയ ബിജെപി നേതാവിനേയും കൂട്ടാളികളേയും എട്ട് മണിക്കൂറിന് ശേഷമാണ് കര്‍ഷകര്‍ വിട്ടയച്ചത്. അതും ഗ്രോവര്‍ ക്ഷമാപണം നടത്തിയതിനു ശേഷമായിരുന്നു ബന്ദികളാക്കിയവരെ പിരിഞ്ഞുപോകാന്‍ കര്‍ഷകര്‍ അനുവദിച്ചത്. എന്നാല്‍, ഇവിടെനിന്നു രക്ഷപ്പെട്ടതിനു ശേഷം കര്‍ഷകരോട് ക്ഷമാപണം നടത്തിയെന്ന റിപോര്‍ട്ടുകള്‍ ഗ്രോവര്‍ നിഷേധിച്ചിരുന്നു.