ഹിന്ദുത്വര്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്ത് ബജ്‌റംഗ്ദള്‍; നടപടിയെടുക്കാതെ പോലിസ്
മംഗളൂരു: രാജ്യ വ്യാപകമായി മുസ് ലിംകള്‍ വംശഹത്യാ ഭീഷണി നേരിടുന്നതിനിടെ ഹിന്ദുത്വര്‍ക്ക് പരസ്യമായി മാരകായുധങ്ങള്‍ വിതരണം ചെയ്ത് സംഘപരിവാര്‍ സംഘടനായ ബജ്‌റംഗ്ദള്‍. കര്‍ണാടകയിലെ കുടകിലെ പൊന്നമ്പേട്ടില്‍ ബജ്‌റംഗ്ദള്‍ നടത്തിയ പരിശീലന പരിപാടിക്ക് ശേഷമാണ് ത്രിശൂലം വിതരണം ചെയ്തത്. മംഗലാപുരത്തും ബജിറംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തിരുന്നു.
ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഹിന്ദുത്വ സന്യാസി സമ്മേളനങ്ങളില്‍ മുസ് ലിംകളെ വംശഹത്യ നടത്തുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം നടന്ന രാം നവമി ആഘോഷത്തിനിടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിംകള്‍ക്കെതിരേ വ്യാപകമായ ആക്രമണങ്ങളും കലാപവും അരങ്ങേറി. മുസ് ലിംകളെ ഉന്മൂലനം ചെയ്യണമെന്ന് ഹിന്ദുത്വ സന്യാസിമാര്‍ പരസ്യമായി പ്രഖ്യാപിക്കുന്നതിനിടേയാണ് സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍ പരസ്യമായി ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിന്റേയും ത്രിശൂലവുമായി പോസ് ചെയ്യുന്നതിന്റേയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ഹിന്ദുത്വര്‍ പരസ്യമായി മാരകായുധങ്ങള്‍ വിതരണം ചെയ്തിട്ടും പോലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മംഗലാപുരത്തും ഇത്തരത്തില്‍ പരിപാടി അരങ്ങേറിയിട്ടും കര്‍ണാടക പോലിസ് നടപടിയെടുത്തിരുന്നില്ല. ഇതിന് തുടര്‍ച്ചയായാണ് കുടകിലും ആയുധങ്ങള്‍ വിതരണം ചെയ്തിരിക്കുന്നത്.