ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന്; ബുക്കര്‍ പുരസ്‌കാര ജേതാവിന്റെ പരിപാടി റദ്ദാക്കി
ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നോവലിലുണ്ടെന്ന പരാതിയെത്തുടര്‍ന്ന് ഇന്റര്‍നാഷനല്‍ ബുക്കര്‍ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയെ ആദരിക്കുന്ന ചടങ്ങ് സംഘാടകര്‍ റദ്ദാക്കി. ആഗ്രയില്‍ സാംസ്‌കാരിക സംഘടനകളായ രംഗ്‌ലീലയും ആഗ്ര തിയറ്റര്‍ ക്ലബ്ബും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഗീതാഞ്ജലി ശ്രീക്കെതിരായ പരാതി വിവാദമായതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി രംഗ്‌ലീല ഭാരവാഹി അനില്‍ ശുക്ല പിടിഐയെ അറിയിച്ചു.
ഉത്തര്‍പ്രദേശ് ഹാഥ്‌റസ് ജില്ലയിലെ സദാബാദ് സ്വദേശി സന്ദീപ് കുമാര്‍ പഥക് ആണ് പരാതി നല്‍കിയത്. ശിവനെയും അമ്മ പാര്‍വതിയെയും കുറിച്ച് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഗീതാഞ്ജലിയുടെ നോവലിലുണ്ടെന്നാണ് പരാതി. ഇത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരിപാടിയുടെ വക്താവ് രാംഭരത് ഉപാധ്യായ പറഞ്ഞു. ഇന്റര്‍നാനല്‍ ബുക്കര്‍ പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ ഭാഷയില്‍ എഴുതുന്ന ആദ്യത്തെ ആളാണ് ഗീതാഞ്ജലി. ഗീതാഞ്ജലിയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ 'ടോംബ് ഓഫ് സാന്‍ഡ്' ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
അമേരിക്കന്‍ വിവര്‍ത്തക ഡെയ്‌സി റോക്ക് വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ഡിജിപിയോടും ശ്രീയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് പഥക് ട്വീറ്റ് ചെയ്തതായും രാംഭരത് ഉപാധ്യായ പറഞ്ഞു. പരിപാടി റദ്ദാക്കിയതില്‍ ജനങ്ങള്‍ നിരാശരാണെന്ന് സംഘാടകനായ ശുക്ല പ്രതികരിച്ചു.