രാമനവമി ദിനത്തില്‍ പശുവിനെ കൊന്ന് കലാപനീക്കം; മുഖ്യസൂത്രധാരന്‍ ഹിന്ദുമഹാസഭാ നേതാവ്
ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് അഖില്‍ ഭാരത് ഹിന്ദു മഹാസഭാ പ്രവര്‍ത്തകരുടെ ഗൂഢപദ്ധതി പൊളിഞ്ഞത്. പശുവിനെ അറുക്കുകയും അവ മുസ് ലിംകളുടെ പേരില്‍ ചുമത്തി കള്ളക്കേസെടുപ്പിക്കുകയും അതുവഴി പ്രദേശത്ത് കലാപമുണ്ടാക്കുകയുമായിരുന്നു ഹിന്ദുത്വരുടെ പദ്ധതി.
ആഗ്ര: രാമനവമി ദിനത്തില്‍ പശുവിനെ അറുത്ത് മുസ് ലിംകളുടെ പേരില്‍ ചാര്‍ത്തി കലാപമുണ്ടാക്കാനുള്ള ശ്രമം പൊളിഞ്ഞു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് അഖില്‍ ഭാരത് ഹിന്ദു മഹാസഭാ പ്രവര്‍ത്തകരുടെ ഗൂഢപദ്ധതി പൊളിഞ്ഞത്. പശുവിനെ അറുക്കുകയും അവ മുസ് ലിംകളുടെ പേരില്‍ ചുമത്തി കള്ളക്കേസെടുപ്പിക്കുകയും അതുവഴി പ്രദേശത്ത് കലാപമുണ്ടാക്കുകയുമായിരുന്നു ഹിന്ദുത്വരുടെ പദ്ധതി. പ്രദേശവാസികളുടെ ജാഗ്രതയും പോലിസിന്റെ ഇടപെടലുമാണ് ഹിന്ദുമഹാസഭാ നേതാവ് ഉള്‍പ്പെടെയുള്ളവരെ കുടുക്കിയത്.
മാര്‍ച്ച് 29ന് ആഗ്രയിലെ ഇത്തിമാദുദ്ദൗല പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഗൗതം നഗറിലെ ന്യൂ ഗുഫയിലാണ് പശുവിനെ കശാപ്പ് ചെയ്തത്. ഇതിനുശേഷം പ്രദേശത്തെ മുസ് ലിംകള്‍ക്കെതിരേ ആക്രമണം അഴിച്ചുവിടാനും മൂന്ന് മുസ് ലിം യുവാക്കളെകേസില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഹിന്ദു മഹാസഭ ദേശീയ വക്താവ് സഞ്ജയ് ജാട്ട് ഉള്‍പ്പെടെയുള്ളവരാണ് ഗോഹത്യ നടത്താനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തതെന്ന് തിരിച്ചറിഞ്ഞു. ഹിന്ദു മഹാസഭാ നേതാവായ സഞ്ജയ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അബ്കാരി കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുകയാണ്. ഇയാളും കൂട്ടാളികളും കാലിക്കച്ചവടക്കാരുട വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കേസെടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും പതിവാണെന്ന് പോലിസ് പറഞ്ഞു. മഹാസഭ നേതാവ് സഞ്ജയ് ജാട്ട് ആണ് സംഭവത്തിലെ പ്രധാന സൂത്രധാരനെന്ന് ആഗ്രയിലെ ചട്ട ഏരിയയിലെ അഡീഷനല്‍ പോലിസ് കമ്മീഷണര്‍ ആര്‍ കെ സിങ് പറഞ്ഞു. ഇയാളുടെ അനുയായികളും സുഹൃത്തുക്കളും ചേര്‍ന്ന് മാര്‍ച്ച് 29ന് രാത്രി മെഹ്താബ് ബാഗ് പ്രദേശത്ത് പശുവിനെ അറുത്തു. തുടര്‍ന്ന് പ്രദേശവാസികളായ മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് നഖിം, മുഹമ്മദ് ഷാനു തുടങ്ങിയവര്‍ക്കെതിരേ കേസെടുക്കാന്‍ പറയാന്‍ പാര്‍ട്ടി അംഗം ജിതേന്ദ്ര കുശ്‌വാഹയോട് പറഞ്ഞു. മൂന്നാം പ്രതിയായ മുഹമ്മദ് ഷാനുവിനെയും നാലാം പ്രതിയായ ഇംറാന്‍ ഖുറേഷിയെയും അടുത്ത ദിവസം പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്ക് കുറ്റകൃത്യവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയത്. ഹിന്ദുമഹാ സഭാ നേതാവ് സഞ്ജയ്ക്ക് ചിലരുമായി ശത്രുതയുണ്ടെന്നും അവരെ കേസില്‍ കുടുക്കാന്‍ വേണ്ടിയാണ് പശുക്കൊല ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായതായും എസിപി പറഞ്ഞു. ഗൂഢാലോചന നടത്താന്‍ സഞ്ജയ് ന്യൂനപക്ഷ സമുദായാംഗങ്ങളുടെ സഹായവും തേടിയതായും ഇവരെല്ലാം ഉടന്‍ പിടിയിലാവുമെന്നും പോലിസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ജിതേന്ദ്ര കള്ളം പറഞ്ഞതായി കണ്ടെത്തി. അയാളും സഞ്ജയും മറ്റു ചിലരും പശുവിനെ കശാപ്പ് ചെയ്ത സ്ഥലത്തിനടുത്തായിരുന്നുവെന്ന് കോള്‍ രേഖകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, പ്രതികളെന്നു പറഞ്ഞവര്‍ ഒരു മാസത്തിലേറെയായി ആ സ്ഥലത്തേക്ക് പോയിട്ടില്ലെന്ന് കോള്‍ റെക്കോര്‍ഡുകളും കാണിക്കുന്നതായും അദ്ദേഹം പറഞ്ഞു. കള്ളക്കേസ് ചുമത്തി ഏഴ് ദിവസം മുമ്പ് അറസ്റ്റിലായ ഇരുവരെയും ഉടന്‍ വിട്ടയക്കുമെന്ന് പോലിസ് അറിയിച്ചു.
രാമനവമിയുടെ തലേന്ന് സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കാനാണ് പശുവിനെ അറുത്തതെന്നും ചില നിരപരാധികളെ പ്രതിയാക്കാന്‍ ശ്രമിച്ചെന്ന നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതോടെയാണ് ഗൂഢാലോചന പുറത്തായതെന്നും പോലിസ് വ്യക്തമാക്കി.