ബ്രൂവറി കേസ്:സര്‍ക്കാര്‍ ഹരജി തള്ളി വിജിലന്‍സ് കോടതി;രേഖകള്‍ ചെന്നിത്തലക്ക് കൈമാറണം
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിന് പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചത്
തിരുവനന്തപുരം: ബ്രൂവറി അഴിമതിക്കേസില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കമെന്ന സര്‍ക്കാര്‍ എതിര്‍ ഹരജി തള്ളി വിജിലന്‍സ് കോടതി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹരജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നല്‍കണം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിന് പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചത്.ബ്രുവറി ഇടപാടില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും,നികുതി വകുപ്പിലെ ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരം മുന്‍ എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ അനധികൃതമായി തീരുമാനമെടുത്തെന്നും ഇത് അഴിമതിയാണെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം.
1999ലെ സര്‍ക്കാര്‍ തീരുമാന പ്രകാരം സ്വകാര്യ മേഖലയ്‌ക്കോ, സര്‍ക്കാര്‍ തലത്തിലോ പുതിയ ലൈസന്‍സുകള്‍ നല്‍കുകയില്ല. എന്നാല്‍ ഇത് നിലനില്‍ക്കെ തന്നെ രണ്ടാം പ്രതിയായ മുന്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ മൂന്നാം പ്രതി എക്‌സൈസ് കമ്മിഷണര്‍ മുഖേന സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കി. എക്‌സൈസ് കമിഷണര്‍ മുഖേന ലൈസന്‍സ് നല്‍കുന്ന കീഴ്‌വഴക്കങ്ങള്‍ കേരളത്തില്‍ ഇല്ലെന്നും ചെന്നിത്തല കോടതിയില്‍ പറഞ്ഞു. സ്വകാര്യ കമ്പനികള്‍ അപേക്ഷ നല്‍കിയത് വെള്ള പേപ്പറില്‍ ആയിരുന്നു. ഇതും വിചിത്രമായ നടപടിയാണ്. ഒരു മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ ഭേദഗതി നടത്തണമെങ്കില്‍ അതിന് അധികാരം മറ്റൊരു മന്ത്രിസഭയ്ക്ക് കഴിയുകയുള്ളു. ഇവിടെ അത്തരം നടപടിയും നടന്നിട്ടില്ലന്നും ചെന്നിത്തല മൊഴി നല്‍കി.ഇത് പരിഗണിച്ച കോടതി ഫയലുകള്‍ വിളിച്ചുവരുത്താന്‍ അനുമതി നല്‍കുകയായിരുന്നു.
അഴിമതിയെക്കുറിച്ച് വിജിലന്‍സ് ഡറക്ടര്‍ക്കു പരാതി നല്‍കിയെങ്കിലും മറുപടി നല്‍കിയിരുന്നില്ലെന്നു രമേശ് ചെന്നിത്തല കോടതിയെ അറിയിച്ചു. ലൈസന്‍സ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ മറ്റൊരു വ്യക്തി ഹരജി നല്‍കിയിരുന്നു. ഇതിനുശേഷമാണ് സര്‍ക്കാര്‍ ലൈസന്‍സ് റദ്ദാക്കിയതെന്നും ചെന്നിത്തല കോടതിയെ അറിയിച്ചു.
എന്നാല്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും സാക്ഷി മൊഴികള്‍ രേഖപ്പെടുത്താന്‍ അനുവദിക്കരുതെന്നും സര്‍ക്കാരിന്റെ എതിര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.നേരത്തെ ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ ആവശ്യമാണ് വിജിലന്‍സ് കോടതി പരിഗണിക്കുന്നതെന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ കേസിന്റെ അന്തിമ വാദം പരിഗണിക്കുമ്പോള്‍ പരിശോധിക്കാമെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ജഡ്ജി പറഞ്ഞു. സര്‍ക്കാര്‍ ആവശ്യം കോടതി തള്ളിയതോടെ കേസില്‍ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്താന്‍ സാധിക്കും.ജൂലൈ 17 ന് വിസ്താരം തുടരും.