കെ സുരേന്ദ്രനെതിരായ കോഴക്കേസ്: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ബദിയടുക്ക പോലിസ് ഇന്നലെയാണ് സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്.

Update: 2021-06-08 10:25 GMT

കാസര്‍കോട്: മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ കെ സുന്ദരയെന്ന ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രനെതിരായ അന്വേഷണം കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ബദിയടുക്ക പോലിസ് ഇന്നലെയാണ് സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്.

കോടതി അനുമതിയോടെ, തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയെന്ന 171 ബി വകുപ്പനുസരിച്ച് കെ സുരേന്ദ്രനെതിരെ കേസെടുത്തത്. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ, സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി. കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജെപി പ്രാദേശിക നേതാക്കളെ കൂടി പ്രതി ചേര്‍ക്കാനും കൂടുതല്‍ ക്രിമിനല്‍ വകുപ്പുകള്‍ ചുമത്താനുമാണ് പോലിസ് നീക്കം.

തട്ടികൊണ്ട് പോയി ഭീഷണിപ്പെടുത്തല്‍, പട്ടിക വിഭാഗ പീഡന വകുപ്പുകളും കേസില്‍ ചുമത്തിയേക്കും. കേസില്‍ സുനില്‍ നായ്ക്ക് അടക്കമുള്ളവരെയും പ്രതി ചേര്‍ക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ ബിജെപി നേതാക്കള്‍ വീട്ടിലെത്തി അമ്മയ്ക്ക് രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്ന് ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന, പിന്നീട്, ബിജെപിയില്‍ ചേര്‍ന്ന കെ സുന്ദര വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കെ സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യെപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി വി രമേശന്‍ കാസര്‍കോട് കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇത് അംഗീകരിച്ച കോടതി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു.

നിലവില്‍ എഫ്‌ഐആറില്‍ കെ സുരേന്ദ്രനെതിരെ മാത്രമാണ് കേസ്. ഇപ്പോള്‍ ചുമത്തിയ ഐപിസി 171 ബി വകുപ്പ് പ്രകാരം സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി വേണം. എന്നാല്‍ പത്രിക പിന്‍വലിക്കാനാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നും കൂടി സുന്ദര ബദിയടുക്ക പോലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതുള്‍പ്പെടുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൂടി എഫ്‌ഐആറിനൊപ്പം ചേര്‍ക്കുമ്പോള്‍ കേസില്‍ തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍ വക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News