ബഫര്‍സോണ്‍: ഉപഗ്രഹ സര്‍വേ റിപോര്‍ട്ടില്‍ അപാകത; സുപ്രിംകോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് വനംമന്ത്രി

Update: 2022-12-18 10:22 GMT

തിരുവനന്തപുരം: ഉപഗ്രഹ സര്‍വേയില്‍ അപാകതയുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. അതുകൊണ്ട് നിലവിലെ ഉപഗ്രഹ സര്‍വേ റിപോര്‍ട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കില്ലെന്നും പ്രായോഗിക നിര്‍ദേശം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഉപഗ്രഹ സര്‍വേ സമര്‍പ്പിക്കാനേ പോവുന്നില്ല. സര്‍വേ അതേപടി വിഴുങ്ങില്ല. ഇതിലെ പരാതികള്‍ പരിഹരിച്ച് മാത്രമാണ് റിപോര്‍ട്ട് സമര്‍പ്പിക്കുകയുള്ളൂ. പരാതി സ്വീകരിക്കാനുള്ള തിയ്യതി നീട്ടും. പരാതി പരിഹരിക്കാന്‍ പഞ്ചായത്തുകളുടെയും റവന്യു വകുപ്പിന്റെയും സഹായം സ്വീകരിക്കും. റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയം സുപ്രിംകോടതിയോട് നീട്ടി ചോദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വനത്തോട് ചേര്‍ന്നുള്ള ഒരുകിലോമീറ്റര്‍ ജനവാസ മേഖലയാണെന്ന് തെളിയിക്കലാണ് ഉപഗ്രഹസര്‍വേയുടെ ഉദ്ദേശം. ജനവാസ മേഖല ഒരു കിലോമീറ്ററിലുണ്ടെന്നു തെളിയിക്കണമെങ്കില്‍ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങളുണ്ട് എന്ന് തെളിയിക്കണം. വസ്തുതകള്‍ക്ക് വിരുദ്ധമാണെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ അവസരമുണ്ട്. ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ അധ്യക്ഷനായ വിദഗ്ധസമിതിയുടെ കാലാവധി രണ്ടുമാസം നീട്ടി. പരാതി സമര്‍പ്പിക്കാനുള്ള തിയ്യതിയും നീട്ടും. ഇതില്‍ തീരുമാനമെടുക്കേണ്ടത് വിദഗ്ധസമിതിയാണ്. ഇക്കാര്യം അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവ്യക്തമായ മാപ്പ് നോക്കി സാധാരണക്കാരനു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്.

പഞ്ചായത്തുകളെക്കൊണ്ട് പരിശോധിപ്പിക്കാം. ബിഷപ്പ് തെറ്റിദ്ധരിച്ചിരിക്കുകയാണ്. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ബിഷപ്പ് പറയുമെന്ന് തോന്നുന്നില്ല. വിമര്‍ശിക്കാന്‍ വേണ്ടി ഒരു വിമര്‍ശനം മാത്രം എന്നെ കാണുന്നുള്ളൂ. സുപ്രിംകോടതി പറഞ്ഞ പ്രകരമാണ് നടപടികള്‍ സ്വീകരിച്ചത്. മാനുവല്‍ സര്‍വേ ആവശ്യമെങ്കില്‍ ചെയ്യും. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ നിന്നും യുഡിഎഫ് പിന്‍വാങ്ങണം. ബോധപൂര്‍വം സംശയം ജനിപ്പിച്ചുകൊണ്ടിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.

Tags:    

Similar News