ബള്‍ഗേറിയയില്‍ ബസ്സിന് തീപ്പിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 46 പേര്‍ മരിച്ചു

Update: 2021-11-23 18:36 GMT

സോഫിയ: പടിഞ്ഞാറന്‍ ബള്‍ഗേറിയയില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ്സിന് തീപ്പിടിച്ച് കത്തി 12 കുട്ടികള്‍ ഉള്‍പ്പെടെ 46 പേര്‍ മരിച്ചു. വടക്കന്‍ മാസിഡോണിയ രജിസ്‌ട്രേഷനുള്ള ബസ് തുര്‍ക്കിയിലെ ഇസ്താംബൂളില്‍നിന്നും മടങ്ങിവരികയായിരുന്നു. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയുടെ തെക്ക്പടിഞ്ഞാറുള്ള മോട്ടോര്‍വേയിലായിരുന്നു അപകടം. ക്രാഷ് ബാരിയറില്‍ ഇടിച്ചുകയറിയ നിലയിലായിരുന്നു ബസ്. ബസ്സിലുണ്ടായിരുന്ന ഏഴുപേര്‍ രക്ഷപ്പെട്ടു. പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.


 12 കുട്ടികളും 20 നും 30 നും ഇടയില്‍ പ്രായമുള്ള നിരവധി യുവാക്കളും ഉള്‍പ്പെടുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തില്‍ മരിച്ചവരില്‍ നാല് വയസ്സുള്ള ഇരട്ട കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. ക്രാഷ് ബാരിയറില്‍ ഇടിക്കുന്നതിനു മുമ്പാണോ ശേഷമാണോ തീപ്പിടിച്ചതെന്ന് വ്യക്തമായിട്ടില്ല.


 ബള്‍ഗേറിയന്‍ ആഭ്യന്തര മന്ത്രി ബോയ്‌കോ റാഷ്‌കോവ് സ്ഥലം സന്ദര്‍ശിച്ചു. രക്ഷപ്പെട്ടവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതായി അദ്ദേഹം പറഞ്ഞു. റോഡിന്റെ ഒരുഭാഗം തകര്‍ന്നതായി കാണുന്നുണ്ട്. എന്നാല്‍, മറ്റ് വാഹനങ്ങളൊന്നും അപകടത്തില്‍പെട്ടിട്ടില്ല. ഈ പ്രദേശത്ത് പലപ്പോഴും അപകടങ്ങളുണ്ടാവാറുണ്ടെന്നും അധികൃതര്‍ പറയുന്നു.

Tags:    

Similar News