ബുറുണ്ടി പ്രസിഡന്റ് പിയറി എന്‍കുരുന്‍സിസ ഹൃദയാഘാതം മൂലം അന്തരിച്ചു

കിഴക്കന്‍ ബുറുണ്ടിയിലെ കരുസിയിലെ ആശുപത്രിയിലാണ് അന്ത്യം

Update: 2020-06-09 18:24 GMT

നെയ്‌റോബി: ബുറുണ്ടി പ്രസിഡന്റ് പിയറി എന്‍കുരുന്‍സിസ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 55 വയസ്സായിരുന്നു. ബുറുണ്ടിയക്കാരോടും അന്താരാഷ്ട്ര സമൂഹത്തോടും വളരെയധികം ദുഖത്തോടെയാണ് ഇക്കാര്യം അറിയിക്കുന്നതെന്ന് സര്‍ക്കാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് വോളിബോള്‍ മല്‍സരത്തില്‍ പങ്കെടുത്ത എന്‍കുരുന്‍സിസ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച സുഖം പ്രാപിച്ചതായി കാണുകയും ചുറ്റുമുള്ളവരോട് സംസാരിക്കുകയും ചെയ്തുവെങ്കിലും തിങ്കളാഴ്ച രാവിലെ അദ്ദേഹത്തിന്റെ നില വീണ്ടും വഷളായി. തുടര്‍ന്ന് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

    കിഴക്കന്‍ ബുറുണ്ടിയിലെ കരുസിയിലെ ആശുപത്രിയിലാണ് അന്ത്യം. രാജ്യത്ത് സര്‍ക്കാര്‍ ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചു. 15 വര്‍ഷം മുമ്പാണ് എന്‍കുരുന്‍സിസ അധികാരമേറ്റത്. മൂന്നാം തവണയും 2015 ല്‍ മല്‍സരിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ബുറുണ്ടിയെ പ്രക്ഷുബ്ധമാക്കി.




Tags:    

Similar News