ബിരിയാണിക്ക് പണം നല്‍കാതെ അമിത് ഷായുടെ പേരില്‍ ഭീഷണി; മൂന്ന് ബിജെപി നേതാക്കള്‍ അറസ്റ്റില്‍ (വീഡിയോ)
ബിജെപി നേതാക്കളോട് പണം ചോദിക്കാനായോ എന്ന് ചോദിച്ചായിരുന്നു ഭീഷണി. പ്രദേശത്ത് മിനിറ്റുകള്‍ക്കുള്ളില്‍ കലാപം ഉണ്ടാക്കുമെന്നും നേതാക്കള്‍ ഭീഷണിമുഴക്കി.
ചെന്നൈ: ബിരിയാണി വാങ്ങി പണം നല്‍കാതെ ഭീഷണിപ്പെടുത്തിയ മൂന്ന് ബിജെപി നേതാക്കള്‍ അറസ്റ്റില്‍. ചെന്നൈ റോയാപ്പേട്ടില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
ബിരിയാണി വാങ്ങി കാശ് ചോദിച്ച കടയുടമയോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേര് പറഞ്ഞായിരുന്നു ഭീഷണി. ബിജെപി നേതാക്കളോട് പണം ചോദിക്കാനായോ എന്ന് ചോദിച്ചായിരുന്നു ഭീഷണി. പ്രദേശത്ത് മിനിറ്റുകള്‍ക്കുള്ളില്‍ കലാപം ഉണ്ടാക്കുമെന്നും നേതാക്കള്‍ ഭീഷണിമുഴക്കി.
സംഭവത്തില്‍ ബിജെപി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്‌കര്‍, പ്രസിഡന്റ് പുരുഷോത്തമന്‍, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ രാത്രിയില്‍ കട അടയ്ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു മൂന്ന് പേരും ബിരിയാണി കടയില്‍ എത്തിയത്. തുടര്‍ന്ന് ബിരിയാണി വാങ്ങി കാശ് നല്‍കാതെ കടന്നുകളയാന്‍ ശ്രമിച്ച ബിജെപി നേതാക്കളെ കടയുടമ തടഞ്ഞു. ഇതോടെ ബിജെപി നേതാക്കളോട് ബിരിയാണിക്കു പണം ചോദിക്കാന്‍ മാത്രം വളര്‍ന്നോയെന്ന് ഭീഷണി മുഴക്കുകയായിരുന്നു.
കാശ് ചോദിച്ച ഉടമയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹായി വിളിക്കുമെന്നും തങ്ങള്‍ വിചാരിച്ചാല്‍ മുത്തയ്യ തെരുവില്‍ മിനിറ്റുകള്‍ക്കകം കലാപമുണ്ടാക്കാന്‍ കഴിയുമെന്നുമായിരുന്നു നേതാക്കളുടെ ഭീഷണി.
തുടര്‍ന്ന് ഉടമ പോലിസിനെ വിളിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലിസ് ബിജെപി നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു വധഭീഷണിമുഴക്കിയതിനും നാശനഷ്ടങ്ങളുണ്ടാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.