കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടം നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മല്‍സരിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സി രഘുനാഥ് പാര്‍ട്ടിവിട്ടു. കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ഇദ്ദേഹം പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടിയില്‍നിന്ന് ക്ഷണമുണ്ടെന്നും ഇക്കാര്യമെല്ലാം സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും രഘുനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അര നൂറ്റാണ്ടായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന താന്‍ മനം മടുത്താണ് പാര്‍ട്ടി വിടുന്നത്. നേതൃത്വം തന്നെ ഒറ്റപ്പെടുത്തുകയാണ്. ഗതികെട്ടാണ് ധര്‍മടത്ത് സ്ഥാനാര്‍ഥിയായത്. കെപിസിസി അധ്യക്ഷനെന്ന നിലയില്‍ കെ സുധാകരനെക്കൊണ്ട് ഒരു പ്രയോജനവുമില്ല. ധര്‍മടത്ത് യുഡിഎഫ് സംഘടിപ്പിച്ച വിചാരണ സദസ്സില്‍ പോലും തന്നെ പങ്കെടുപ്പിച്ചില്ലെന്നും രഘുനാഥ് പറഞ്ഞു.