തമിഴ്‌നാട്ടില്‍ മന്ത്രിസഭാ പുനഃസംഘടന; ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയിലേക്ക്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. യുവജനക്ഷേമവും കായിക വകുപ്പും നല്‍കാന്‍ ഡിഎംകെ ധാരണയിലെത്തി. സത്യപ്രതിജ്ഞ മറ്റന്നാള്‍ നടക്കും.
അധികാരകൈമാറ്റത്തിന്‍റെ സന്ദേശം കൂടി നല്‍കിയാണ് ഡിഎംകെയുടെ നിര്‍ണായക തീരുമാനം. ബുധനാഴ്ച നടക്കുന്ന പുനസംഘടനയില്‍ ഉദയനിധിക്ക് യുവജനക്ഷേമം, കായികം, ടൂറിസം, സഹകരണം വകുപ്പുകള്‍ നല്‍കാനാണ് ധാരണ. ഇതോടെ സ്റ്റാലിന് ശേഷം മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന വിശേഷണം ഉദയനിധിക്കുറപ്പിക്കാം. കരുണാനിധിയുടെ സ്വന്തം മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയനിധി വിജയിച്ചത്.
ഡിഎംകെ തരംഗം ആഞ്ഞടിച്ച തമിഴകത്ത് പാര്‍ട്ടിയുടെ താരപ്രചാരകനായിരുന്നു ഉദയനിധി. ഉപമുഖ്യമന്ത്രിയായേക്കും എന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും ഉദയനിധി ഇല്ലാതെയുള്ള സ്റ്റാലിന്‍ മന്ത്രിസഭ പ്രവര്‍ത്തകരെ അതിശയിപ്പിച്ചിരുന്നു. കുടുംബാധിപത്യം എന്ന അണ്ണാംഡിഎംകെ ആരോപണങ്ങള്‍ക്കിടെയാണ് ചിന്നവറുടെ മന്ത്രിസഭാ പ്രവേശനം. ഇതേ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന വി മെയ്യനാഥന്‍, പെരിയസ്വാമി, കെ രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് മറ്റ് വകുപ്പുകള്‍ നല്‍കാനാണ് ധാരണ.