യുഎസില്‍ ഉഷ്ണക്കാറ്റും കാട്ടുതീയും; 13,000 കെട്ടിടങ്ങള്‍ കത്തിനശിച്ചു (ചിത്രങ്ങള്‍)
ലോസ് എയ്ഞ്ചലസ് (യുഎസ്): കാലിഫോണിയയിലും ലോസ് എയ്ഞ്ചലസിലും ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് കാട്ടുതീ. ഇതുവരെ 2900 ഏക്കര്‍ ഭൂമിയും 13,000 കെട്ടിടങ്ങളും കാറുകളും കത്തിനശിച്ചു. സാന്റ മോണിക്ക, തൊപ്പാങ്ക, മാലിബു തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടുതീ പടരുന്നത്. പ്രദേശവാസികളായ 30,000 പേരെ ഒഴിപ്പിച്ചെന്ന് കാലിഫോണിയ ഗവര്‍ണര്‍ അറിയിച്ചു.കാട്ടുതീ പടരുന്നതിനാല്‍ ലോസ് എയ്ഞ്ചലസില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
ലോസ് എയ്ഞ്ചലസിന് സമീപത്തെ മരുഭൂമികളില്‍ ഉല്‍ഭവിക്കുന്ന സാന്റ അന എന്ന ഉഷ്ണക്കാറ്റാണ് തീപിടുത്തമുണ്ടാക്കിയിരിക്കുന്നത്. തീരെ മഴയില്ലാതെയാണ് ഈ കാറ്റുണ്ടാവുക. മലകളിലും കുന്നുകളിലും ഈ കാറ്റിന്റെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്. തീപിടുത്തത്തെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ലോസ് എയ്ഞ്ചലസ് യാത്ര ഒഴിവാക്കി. യുഎസ് പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം സൈനികത്താവളത്തില്‍ പിടിച്ചിട്ടിരിക്കുകയാണ്.