ജഡ്ജിയെന്നു പറഞ്ഞ് സുരക്ഷയൊരുക്കാന്‍ പോലിസിനെ വിളിച്ചുവരുത്തി; നിരവധി കേസിലെ പ്രതി പിടിയില്‍

Update: 2024-01-09 13:38 GMT

കാഞ്ഞങ്ങാട്: കാര്‍ കേടായതിനെ തുടര്‍ന്ന് പത്തനംതിട്ട ജഡ്ജിയാണെന്ന് പറഞ്ഞ് സുരക്ഷയൊരുക്കാന്‍ പോലിസിനെ വിളിച്ചുവരുത്തിയ നിരവധി കേസുകളിലെ പ്രതി പിടിയില്‍. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്തി(45)നെയാണ് ഹൊസ്ദുര്‍ഗ് പോലിസ് അറസ്റ്റ് ചെയ്തത്. തിരുവന്തപുരത്തെ നിരവധി കേസുകളിലെ പ്രതിയാണ് ജഡ്ജി ചമഞ്ഞ് രാത്രിയില്‍ പോലിസിനെ വട്ടം കറക്കിയത്. പത്തനംതിട്ടയിലെ ജഡ്ജി കാര്‍ കേടായി റോഡിലുണ്ടെന്നും അദ്ദേഹത്തെ ലോഡ്ജിലേക്ക് കൊണ്ടുപോവണമെന്നും ആവശ്യപ്പെട്ടാണ് പോലിസ് സ്‌റ്റേഷനിലേക്ക് ഫോണ്‍വിളിച്ചത്. ഡിസിആര്‍ബി ഡിവൈഎസ്പിയാണെന്ന് പരിചയപ്പെടുത്തിയായിരുന്നു പോലിസിനെ ഫോണില്‍ വിളിച്ചത്. പോലിസ് ഉടന്‍ നീലേശ്വരം ദേശീയ പാതയിലെത്തി. തനിക്ക് ഭീഷണിയുണ്ടെന്നും ഉടന്‍ ഒരു ലോഡ്ജിലെത്തിക്കണമെന്നും ഇയാള്‍ പോലിസിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് വാഹനത്തില്‍ കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ഹോട്ടലിലെത്തിച്ചു. ഭീഷണിയുള്ള ജഡ്ജിയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പോലിസ് കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി. പിന്നീട് കണ്ണൂരിലേക്ക് പോവാന്‍ ടാക്‌സി ഒരുക്കിത്തരണമെന്നും പോലിസിനോട് ആവശ്യപ്പെടുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുപോയി വിടാമെന്ന് പോലിസ് അറിയിച്ചു. എന്നാല്‍, ആദ്യം ജഡ്ജിയെന്ന് പറഞ്ഞ പ്രതി അബദ്ധത്തില്‍ ഡിവൈഎസ്പിയാണെന്ന് പറഞ്ഞതോടെയാണ് പോലിസുകാര്‍ക്ക് സംശയം തോന്നിയത്. പോലിസ് സംഘം ബാഗ് പരിശോധിച്ചപ്പോഴാണ് പ്രതിക്കെതിരേ ഒമ്പത് കേസുകളുണ്ടെന്നു മനസ്സിലായത്. ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

Tags:    

Similar News