വിദ്യാര്‍ഥി വിരുദ്ധ സമീപനങ്ങളില്‍ നിന്ന് കെടിയു പിന്മാറണം: കാംപസ് ഫ്രണ്ട്

Update: 2021-07-23 16:04 GMT

എറണാകുളം: തുടര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥി വിരുദ്ധ സമീപനങ്ങളില്‍ നിന്ന് കെടിയു പിന്മാറണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് രിഫ ആവശ്യപ്പെട്ടു. കാലങ്ങളായി കേരള സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ തുടരുകയാണ്.

കൊവിഡ് മൂന്നാം തരംഗ സാധ്യതകള്‍ക്കിടയില്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന് യുജിസി, എഐസിടിഇ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെയാണ് പോലീസിനെ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. തൃശൂര്‍ എന്‍ജിനീയറിങ് കോളജില്‍ മാത്രം പരീക്ഷയെഴുതിയ 10 വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരോടൊപ്പം ഹോസ്റ്റലില്‍ കഴിഞ്ഞവരും പരീക്ഷ എഴുതിയവരുമായ മറ്റ് വിദ്യാര്‍ഥികളും നിലവില്‍ ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ പരീക്ഷ ഓഫ് ലൈനായി നടത്തുന്നതില്‍ നിന്ന് കെ.ടി.യു പിന്മാറണം.

മാത്രമല്ല, മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികളുടെ പേപ്പറിന്റെ കോപ്പി പരിശോധിച്ചപ്പോള്‍ അതില്‍ മാര്‍ക്കുകള്‍ വെട്ടിത്തിരുത്തിയ നിലയില്‍ കണ്ടെത്തിയത് ഗുരുതരമാണ്. പരീക്ഷാ മൂല്യനിര്‍ണയത്തില്‍ തുടരുന്ന കെ.ടി.യു വിന്റെ അനാസ്ഥ അവസാനിപ്പിക്കണം. പരീക്ഷ നടന്നിട്ട് റിസള്‍ട്ട് പ്രഖ്യാപിക്കാന്‍ വളരെയധികം കാലതാമസം എടുക്കുന്ന സംഭവങ്ങളും സര്‍വകലാശാലയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. പൊതു അവധി ദിവസങ്ങളിലും മതപരമായ പല ആഘോഷ ദിവസങ്ങളിലും പരീക്ഷ നടത്തി വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുന്ന പ്രവണത പലപ്പോഴായി കെ.ടി.യു പിന്തുടരുകയാണ്. ഇത്തരം വിദ്യാര്‍ഥി വിരുദ്ധ സമീപനങ്ങളില്‍ നിന്ന് കെ.ടി.യു പിന്മാറണമെന്നും വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News