ട്രെയിനില്‍ കഞ്ചാവ് കടത്ത്: പിടിയിലായവരില്‍ ബിജെപി നേതാവും; പ്രതികള്‍ക്കെതിരേ പോക്‌സോ കേസും
പാലക്കാട്: ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി പിടിയിലായവരില്‍ ബിജെപി നേതാവും. യുവമോര്‍ച്ച മുന്‍ കുന്നംകുളം മുനിസിപ്പല്‍ സെക്രട്ടറി തൃശൂര്‍ കുന്നംകുളം പോര്‍ക്കഌങ്ങാട് കൊട്ടാരപ്പാട്ട് വീട്ടില്‍ സജീഷ് (39), സുഹൃത്തുക്കളായ കുന്നംകുളം പോര്‍ക്കളം ഏഴി കോട്ടില്‍ വീട്ടില്‍ ദീപു (31), തൃശൂര്‍ തളിക്കുളം സ്വദേശി അറക്കല്‍ പറമ്പില്‍ രാജി (32) എന്നിവരെയാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പിടികൂടിയത്. സജീഷ് ബിജെപി പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. സജീഷ് പോക്‌സോ, രാഷ്ട്രീയ കൊലപാതകശ്രമം ഉള്‍പ്പെടെ പത്തുകേസുകളില്‍ പ്രതിയാണ്. ദീപുവിനെതിരേ പോക്‌സോ കേസ് അടക്കം മൂന്നുകേസുകളുണ്ട്.
രാജിയും പോക്‌സോ കേസില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ഷാലിമാര്‍ എക്‌സ്പ്രസില്‍ വിശാഖപട്ടണത്തുനിന്നും തൃശൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത്. നാലുകിലോ 800 ഗ്രാം കഞ്ചാവാണ് ഇവരുടെ കൈവശത്തുനിന്ന് പിടികൂടിയത്. ട്രെയിനില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത് കണ്ട സംഘം കുടുംബമായി യാത്ര ചെയ്യുന്നതുപോലെ ബാഗുമെടുത്ത് ഇറങ്ങിയോടിയ സംഘത്തെ പിന്തുടര്‍ന്നാണ് പിടിയിലായത്.
എക്‌സൈസ് സംഘവും ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ മുമ്പും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തിയിട്ടുണ്ട്. വിശാഖപട്ടണത്തുനിന്നും സംസ്ഥാനത്തേക്ക് സ്ഥിരമായി കഞ്ചാവ് കടത്തുന്ന വന്‍സംഘമുണ്ടെന്നും ഇവര്‍ സംശയം തോന്നാതിരിക്കാന്‍ സ്ത്രീകളെയും കുട്ടികളെയും കൂടെ കൂട്ടുന്നുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.