സുബൈര്‍ വധം: സഞ്ജിത്തിന്റെ ഭാര്യയുടെ മൊഴിയില്‍ വൈരുധ്യങ്ങളേറെ; വീണ്ടും ചോദ്യം ചെയ്‌തേക്കും
പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്താനുപയോഗിച്ച കാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം സഞ്ജിത്തിന്റെ കുടുംബത്തിലേക്കും നീങ്ങുന്നു. ആര്‍എസ്എസ് കൊലയാളി സംഘത്തിന് കാര്‍ നല്‍കിയത് ഉള്‍പ്പടേയുള്ള കാര്യങ്ങളാണ് പോലിസ് അന്വേഷിക്കുന്നത്. സഞ്ജിത്തിന്റെ വാഹനം ആര്‍എസ്എസ് കൊലയാളി സംഘത്തിന് ലഭിച്ചത് സംബന്ധിച്ചും സംശയം ബലപ്പെടുന്നുണ്ട്. കാര്‍ ഒന്നരമാസം മുമ്പ് വര്‍ക് ഷോപ്പില്‍ നല്‍കിയതാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഭാര്യ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, സഞ്ജിത്ത് കൊല്ലപ്പെടുന്നതിന്റെ 15 ദിവസം മുമ്പ് കാര്‍ വര്‍ക്ക്‌ഷോപ്പില്‍ കൊടുത്തുവെന്നാണ് സഞ്ജിത്തിന്റെ പിതാവ് അറുമുഖന്‍ പറയുന്നത്. ഇരുവരുടേയും മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘം പരിശോധിക്കും.
'പണമില്ലാത്തതിനാലാണ് കാര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് ഇറക്കാഞ്ഞത്. അതിന് ശേഷം പിതാവിന്റെ ബൈക്കാണ് ഉപയോഗിച്ചിരുന്നത്. ആ ബൈക്കില്‍ വെച്ചാണ് സഞ്ജിത്ത് കൊല്ലപ്പെടുന്നത്. മരണത്തിന് ശേഷം കാറിനെ കുറിച്ച് ആരോടും ചോദിച്ചിട്ടില്ലെന്നും' ഭാര്യ പറഞ്ഞു.ഏത് വര്‍ക് ഷോപ്പിലാണ് കാര്‍ കൊടുത്തതെന്ന് അറിയില്ല. സുബൈറിന്റെ കൊലപൊതകത്തിന് ശേഷം പൊലീസ് വീട്ടില്‍ വന്ന് കാറിനെ കുറിച്ച് അന്വേഷിച്ചിരുന്നതായും ഭാര്യ പറഞ്ഞു.
അതേ സമയം, കൊലപാതകവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് സഞ്ജിത്തിന്റെ പിതാവ് അറുമുഖന്‍ പറയുന്നത്. സഞ്ജിത്ത് കൊല്ലപ്പെടുന്നതിന്റെ 15 ദിവസം മുമ്പ് കാര്‍ വര്‍ക്ക്‌ഷോപ്പില്‍ കൊടുത്തുവെന്നാണ് അറുമുഖന്‍ പറയുന്നത്. കൊല്ലപ്പെട്ടതിന് ശേഷം കാര്‍ വാങ്ങാന്‍ പോയിട്ടില്ല. ആരാണ് ഇപ്പോള്‍ അതുപയോഗിക്കുന്നത് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.