ഹീനമായ പ്രവാചക നിന്ദയുമായി വീണ്ടും ആര്‍എസ്എസ് അനുകൂല ക്രിസ്ത്യന്‍ സംഘടന

Update: 2022-04-03 06:16 GMT

പിസി അബ്ദുല്ല

കോഴിക്കോട്: ബാലപീഡനം തടയുന്നതിനുള്ള ബോധവല്‍ക്കരണമെന്ന പേരില്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ അത്യന്തം ഹീനവും പ്രകോപനപരവുമായ പ്രചാരണവുമായി സംഘപരിവാര്‍ അനുകൂല ക്രിസ്ത്യന്‍ സംഘടന. മുഹമ്മദ് എന്ന പേരില്‍ തന്നെയാണ്കാസ എന്ന വിദ്വേഷ സംഘടന ഹൃസ്വ ചിത്രം പുറത്തിറക്കുന്നത്.

കേരളത്തില്‍ സൗഹാര്‍ദത്തില്‍ കഴിയുന്ന മുസ് ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കി ബിജെപിക്കും സംഘപരിവാറിനും അനുകൂല സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍. പ്രവാചകന്‍ മുഹമ്മദ് നബിയെയും ഇസ്‌ലാമിനെയും മുസ് ലിംകളെയും ലക്ഷ്യമിട്ട് സമീപ നാളുകളിലായി 'കാസ' എന്ന ആര്‍എസ്എസ് അനുകൂല ക്രിസ്ത്യന്‍ സംഘടന നടത്തുന്ന സംഘടിത ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഹൃസ്വ ചിത്രം.

'മുഹമ്മദ് ദ പോക്‌സോ ക്രിമിനല്‍' എന്ന പേരിലുള്ള ഷോര്‍ട്ട് ഫിലിമിന്റെ അവസാന പോസ്റ്റര്‍ ഇന്ന് പുറത്തിറക്കുമെന്നാണ് അറിയിപ്പ്. കാസ യുടേതടക്കമുള്ള സാമൂഹിക മാധ്യമ ഇടങ്ങളില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന നിരവധി പ്രചാരണങ്ങള്‍ ഇതിനകം പുറത്തു വന്നിരുന്നു. വിശുദ്ധ ഖുര്‍ആനെയും പ്രവാചക വചനങ്ങളെയും സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റി വികലമായും ഹീനമായും ചിത്രീകരിക്കുന്ന വിദ്വേഷ ഗ്രൂപ്പുകളില്‍ മുന്‍പന്തിയിലാണ് കാസ.

റമദാന്റെ ആദ്യ ദിനമായ ഇന്നു തന്നെ ഇത്തരമൊരു നീക്കവുമായി കാസ രംഗത്തു വന്നത് യാദൃച്ഛികമല്ല. കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത നീക്കം തന്നെയാണിത്.

മത സ്പര്‍ദയും മുസ് ലിംകള്‍ക്കെതിരേ കലാപവും ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളില്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍(കാസ) എന്ന സംഘടന അഴിഞ്ഞാടിയിട്ടും പോലിസും ഭരണകൂടവും കാഴ്ചക്കാരാവുകയാണ്.

ഇസ് ലാമിനും മുസ് ലിംകള്‍ക്കുമെതിരേ കടുത്ത വിദ്വേഷ പ്രചാരണങ്ങളുമായി മുന്നേറുന്ന സംഘടനയ്‌ക്കെതിരേ നിരവധി സംഘടനകള്‍ പരാതികള്‍ നല്‍കിയിട്ടും കേസെടുക്കാന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല. ക്രിസ്ത്യന്‍ യുവാക്കളെ ഭീകരവാദത്തിലേക്കു ക്ഷണിച്ച് 'കാസ' ഹൃസ്വ ചിത്രം പുറത്തിറക്കിയിട്ടും പോലിസ് കേസെടുത്തില്ല. ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയും പൊതു പരിപാടികളിലൂടെയുമാണ് 'കാസ' യുടെ വിദ്വേഷ പ്രചാരണം. എന്തെങ്കിലും പ്രകോപനമോ കാരണമോ ഇല്ലാതെ തന്നെ ഇസ് ലാമിനെ അധിക്ഷേപിക്കുകയും മുസ് ലിംകള്‍ക്കെതിരേ തീവ്ര വിദ്വേഷം പരത്തുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് ഈ ക്രിസ്ത്യന്‍ സംഘടന നടത്തുന്നത്.

2007ല്‍ സദ്ദാം ഹുസയ്‌നെ തൂക്കിലേറ്റിയതിനെ തുടര്‍ന്നു കേരളത്തില്‍ നടന്ന ഹര്‍ത്താലിന്റെ ഭാഗമായി കൊച്ചിന്‍ കാര്‍ണിവല്‍ മുടങ്ങിയിരുന്നു. ഇസ് ലാമിസ്റ്റുകളാണ് കൊച്ചിന്‍ കാര്‍ണിവല്‍ മുടക്കിയതെന്നാരോപിച്ച് സംഘപരിവാരവും ക്രിസ്ത്യന്‍ സംഘടനകളും പ്രചാരണമാരംഭിച്ചു. അന്ന് രൂപീകരിച്ച പൈതൃക സംരക്ഷണ സമിതിയാണ് പിന്നീട് ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള കെവിന്‍ പീറ്റുടെ നേതൃത്വത്തില്‍ 'കാസ' എന്ന തീവ്ര സ്വഭാവമുള്ള സംഘടനയായി മാറിയത്. ഹിന്ദു ഹെല്‍പ് ലൈന്‍ തുടങ്ങിയ തീവ്ര ഹിന്ദുത്വ, മുസ് ലിം വിരുദ്ധ പ്രചാരണ സംവിധാനങ്ങളുടെ ബി ടീമായി ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ രൂപീകരിക്കാന്‍ മുന്‍കൈയെടുത്ത പ്രതീഷ് വിശ്വനാഥന്‍ അടക്കമുള്ളവരാണ് 'കാസ'യുടെയും അണിയറയിലുള്ളത്. ചില ക്രൈസ്തവ സഭകള്‍ക്കു പുറമെ തീവ്ര ഹിന്ദുത്വ സംഘടനകളും 'കാസ'യെ വന്‍ തോതില്‍ സാമ്പത്തികമായി സഹായിക്കുന്നതായാണ് വിവരം.

ക്രിസ്ത്യന്‍ ഹെല്‍പ് ലൈന്‍ ഹിന്ദു ഹെല്‍പ് ലൈനുമായി ചേര്‍ന്ന് ഉയര്‍ത്തിക്കൊണ്ടു വന്ന 'ലൗ ജിഹാദ്' നുണ ബോംബുകള്‍ ചീറ്റിപ്പോയ ശേഷം, ആസൂത്രിതവും സംഘടിതവുമായാണ് മുസ് ലിം വിദ്വേഷവുമായി 'കാസ'യുടെ വരവ്. ഒരു പതിറ്റാണ്ടിലേറെയായി കേരളത്തില്‍ നിര്‍ജ്ജീവമായിരുന്ന ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയെ സീറോ മലബാര്‍ സഭയിലെ ചില പ്രമുഖരും സംഘപരിവാര സംഘടനകളും ചേര്‍ന്ന് ഒന്നര വര്‍ഷം മുമ്പാണ് വീണ്ടും സജീവമാക്കിയത്. പാലാ ബിഷപ്പ് ഉയര്‍ത്തിയ 'നാര്‍കോട്ടിക് ജിഹാദ്', പിന്നീട് വന്ന ഹലാല്‍ നുണ വിവാദം എന്നിവയിലൂന്നിയാണ് സംഘടനയുടെ ഇപ്പോഴത്തെ വിദ്വേഷ പ്രചാരണം. സീറോ മലബാര്‍ സഭയ്ക്കു കീഴിലുള്ള നിരവധി വിദ്വേഷ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ക്കു പുറമെ, മധ്യ കേരളവും വടക്കേ മലബാറും കേന്ദ്രീകരിച്ച് പ്രത്യേകം സംവിധാനങ്ങളോടെയാണ് 'കാസ'യുടെ മുസ് ലിം വിദ്വേഷ പ്രചാരണം. ഇസ് ലാമിനെ അടച്ചാക്ഷേപിച്ച് കൈ പുസ്തകമിറക്കിയ താമരശ്ശേരി രൂപതയിലെ വൈദികരും മാനന്തവാടി രൂപതയിലെ സ്ഥിരം ഇസ് ലാം, മുസ് ലിം വിമര്‍ശകനായ ഫാ. നോബ്ള്‍ തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സെല്ലും അടുത്തിടെ ഇസ് ലാമിനെയും പ്രവാചകനെയും ഹീനമായി അധിക്ഷേപിച്ച ഇരിട്ടിയിലെ വൈദികനും 'കാസ'യുടെ ഭാഗമാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പരാതികളാണ് കാസക്കെതിരെ ഇതിനകം പോലിസിന് ലഭിച്ചതെങ്കിലും എവിടെയും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതായി വിവരമില്ല.

Tags:    

Similar News