ലത്തീന്‍ അതിരൂപതയെ 'ജിഹാദി'കളുടെ ഏജന്റാക്കി കാസ നേതാവ്; വിവാദം പുകയുന്നു
പിസി അബ്ദുല്ല
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് പിന്നില്‍ ജിഹാദികളുടെ ഫണ്ട് വാങ്ങി ദേശദ്രോഹം നടത്തുന്ന ലത്തീന്‍ ബിഷപ്പുമാരെന്ന് കാസ എന്ന സംഘപരിവാര്‍ അനുകൂല ക്രൈസ്തവ സംഘടനയുടെ പ്രസിഡന്റ് കെവിന്‍ പീറ്റര്‍. ഒരു വാട്‌സാപ്പ് ഗ്യൂപ്പില്‍ കെവിന്‍ പീറ്റര്‍ ഇട്ട വീഡിയോ സന്ദേശമാണ് പുറത്തായത്. സംഭവം വിവാദമാവുകയും ലത്തീന്‍ അതിരൂപതയില്‍ പ്രതിഷേധം കനക്കുകയും ചെയ്തതോടെ വിശദീകരണവുമായി കാസ രംഗത്തു വന്നു.
പുറത്തുവന്ന ശബ്ദം കെവിന്‍ പീറ്ററിന്റെ തന്നെയാണെന്ന് കാസ വ്യക്തമാക്കി. എന്നാല്‍, കെവിന്‍ പീറ്ററിന്റെ മുഖവും അദ്ദേഹത്തിന്റെ സംഭാഷണവുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു അടിക്കുറിപ്പ് കൊടുത്തു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ പ്രചരിപ്പിക്കുകയാണെന്നാണു വിശദീകരണം.
കത്തോലിക്കാ സഭയും ക്രിസ്ത്യന്‍ സംഘടനകളും മത്സ്യത്തൊഴിലാളികളുടെ സമരത്തെ പിന്തുണക്കാന്‍ താമസിച്ചത് കൊണ്ടാണ് തിരുവനന്തപുരം രൂപത നേതൃത്വത്തിന് പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പിന്തുണ സ്വീകരിക്കേണ്ടി വന്നതെന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ ഒരു വിദേശ മലയാളിയുടെ പരാമര്‍ശത്തിന് മറുപടിയായിട്ടാണ് കെവിന്‍ പീറ്ററുടെ വിവാദ പരാമര്‍ശം പുറത്തു വന്നതെന്നാണ് അത് പ്രചരിപ്പിക്കുന്നവര്‍ വ്യക്തമാക്കുന്നത്.
വിദേശ മലയാളികള്‍ ഉള്‍പ്പെടുന്ന ഒരു ക്ലോസ്ഡ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കെവിന്‍ പീറ്റര്‍ അംഗമാണ്. ആ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിഴിഞ്ഞം സമരത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയിലാണ് കത്തോലിക്കാ സഭയും ക്രിസ്ത്യന്‍ സംഘടനകളും മത്സ്യത്തൊഴിലാളികളുടെ സമരത്തെ പിന്തുണക്കാത്തതു കൊണ്ടാണ് അതി രൂപത നേതൃത്വം പോപുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പിന്തുണ സ്വീകരിക്കേണ്ടി വന്നത് എന്ന് ഒരു വിദേശ മലയാളി അഭിപ്രായപ്പെട്ടു. പരാമര്‍ശത്തിന് മറുപടിയായിട്ടാണ് കെവിന്‍ പീറ്റര്‍ വിവാദ ശബ്ദ സന്ദേശം ആ ഗ്രൂപ്പില്‍ ഇട്ടത്.
ഒന്‍പതാമത്തെ മിനിറ്റില്‍ കെവിന്‍ പീറ്ററുടെ ശബ്ദ സന്ദേശം ഡിലീറ്റ് ചെയ്തു. എന്നാല്‍, ആ സമയത്തിനുള്ളില്‍ തന്നെ വിവാദ പരാമര്‍ശം 37 പേര്‍ കേള്‍ക്കുകയും ഒരാള്‍ അത് പുറത്തേക്ക് എടുക്കുകയും ചെയ്തു.
ഉത്തരവാദിത്തപ്പെട്ട ക്രിസ്ത്യന്‍ വ്യക്തിത്വങ്ങള്‍ മാത്രമുള്ള ഗ്രൂപ്പില്‍ രഹസ്യമായയാണ് കെവിന്‍ പീറ്ററുടെ ശബ്ദ സന്ദേശം ഇട്ടതെന്ന് കാസ തന്നെ പറയുന്നു.
അത് പുറത്ത് എത്തിച്ചതിന് പിന്നില്‍ ക്രിസ്ത്യാനികളെ ഉദ്ധരിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന ആള്‍ക്കാരാണെന്നും കാസ വിശദീകരണക്കുറിപ്പില്‍ പറയുന്നു. സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോയി കഴുത്തിന് പിന്നില്‍ കത്തി വന്നു നില്‍ക്കുന്ന കാലഘട്ടത്തില്‍ പോലും ചിലര്‍ ഒറ്റു കൊടുക്കുകയാണെന്നും കാസ പറയുന്നു.
സവര്‍ണ്ണ ക്രൈസ്തവ സഭകള്‍ കണ്ടില്ലെന്ന് നടിച്ച ലത്തീന്‍ അതിരൂപതയുടെ സമരത്തെ പിന്തുണച്ച് എസ്ഡിപിഐ രംഗത്തെത്തിയിരുന്നു. സമര വേദിയിലെത്തിയ എസ്ഡിപിഐക്കു ലഭിച്ച സ്വീകാര്യതയില്‍ കാസയടക്കമുള്ള സംഘടനകളുഠെ അമര്‍ഷം അണപൊട്ടുന്നതിനിടെയാണ് കെവിര്‍ പീറ്ററുടെ വിവാദ പരാമര്‍ശം പുറത്തു വന്നത്.