വനിതാ ടിടിഇയോട് അപമര്യാദയായി പെരുമാറി; അര്‍ജുന്‍ ആയങ്കിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കോട്ടയം: വനിതാ ടിടിഇയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായിരുന്ന അര്‍ജുന്‍ ആയങ്കിക്കെതിരേ കേസെടുത്തു. ടിടിഇയെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്‌തെന്ന പരാതിയില്‍ കോട്ടയം റെയില്‍വേ പോലിസാണ് കേസെടുത്തത്. ശനിയാഴ്ച രാത്രി 11ന് ഗാന്ധിധാം- നാഗര്‍കോവില്‍ എക്‌സ്പ്രസിലാണ് സംഭവം. ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ജനറല്‍ ടിക്കറ്റുമായി അര്‍ജുന്‍ സ്ലീപ്പര്‍ കോച്ചില്‍ കയറി. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറണമെന്ന് ടിടിഇ പറഞ്ഞതിനെത്തുടര്‍ന്നാണ് മോശമായി പെരുമാറിയത്.
ടിടിഇ കോട്ടയം റെയില്‍വേ പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് കോട്ടയം റെയില്‍വേ പോലിസ് എസ്എച്ച്ഒ റെജി പി ജോസഫ്, അര്‍ജുന്‍ ആയങ്കിക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. സംഭവം നടന്നത് തൃശൂരിലായതിനാല്‍ കേസ് അവിടേക്ക് കൈമാറി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതിയും സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്തിലെ ഇടനിലക്കാരനുമാണ് അര്‍ജുന്‍ ആയങ്കിയെന്നാണ് കേസ്. അര്‍ജുന്‍ ആയങ്കിക്കെതിരേ കാപ്പ ചുമത്തിയിട്ടുണ്ട്. ഡിവൈഎഫ്‌ഐ അഴീക്കോട് കപ്പക്കടവ് യൂനിറ്റ് സെക്രട്ടറിയായിരുന്ന അര്‍ജുന്‍ ആയങ്കിയെ പിന്നീട് പുറത്താക്കിയിരുന്നു.