കാസര്‍കോട്: കുമ്പളയില്‍ വിദ്യാര്‍ഥിനികള്‍ ബസ് തടഞ്ഞ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തിയതിന് ബിജെപി നേതാവ് അനില്‍ ആന്റണിക്കെതിരേ പോലിസ് കേസെടുത്തു. മതവിദ്വേഷം പ്രചരിപ്പിച്ചതിനാണ് കാസര്‍കോട് സൈബര്‍ പോലിസ് കേസെടുത്തത്. നേരത്തേ രജിസ്റ്റര്‍ ചെയ്ത കേസില്‍ അനില്‍ ആന്റണിയെയും പ്രതിചേര്‍ക്കുകയായിരുന്നു. ബസ് നിര്‍ത്താത്തതിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥിനികളും ബസ് യാത്രക്കാരിയും തമ്മിലുണ്ടായ തര്‍ക്കത്തെ വര്‍ഗീയനിറം കലര്‍ത്തി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുച്ചിരുന്നു. ഇതിനിടെയാണ് അനില്‍ ആന്റണിയുെ സമാനരീതിയില്‍ എക്‌സിലൂടെ പ്രചാരണം നടത്തിയത്. 'വടക്കന്‍ കേരളത്തില്‍ ബുര്‍ഖ ധരിക്കാതെ ബസില്‍ യാത്ര ചെയ്യാനാവില്ല' എന്ന തലക്കെട്ടോടെയാണ് അനില്‍ ആന്റണി എക്‌സില്‍ പോസ്റ്റ് ചെയ്തത്. കേരളത്തില്‍ ബുര്‍ഖ ധരിക്കാത്ത ഹിന്ദു സ്ത്രീയെ മുസ് ലിം വിദ്യാര്‍ഥിനികള്‍ ബസില്‍ നിന്ന് ഇറക്കിവിടുന്നു എന്നായിരുന്നു സംഘപരിവാരത്തിന്റെ വ്യാജപ്രചാരണം. കുമ്പളയിലെ ഒരു കോളജിലെ വിദ്യാര്‍ഥിനികളും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കത്തെയാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചത്. സംഭവത്തിനു യാതൊരുവിധ വര്‍ഗീയ സ്വഭാവവും ഇല്ലെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതാണ് ഇന്‍ഡ്യ മുന്നണിയും കോണ്‍ഗ്രസും സിപിഎമ്മും രാജ്യമാകെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മതേതരത്വമെന്നായിരുന്നു അനില്‍ ആന്റണിയുടെ പോസ്റ്റ്. ഹമാസിന്റെ നടപടികളെ കോണ്‍ഗ്രസും സിപിഎമ്മും സായുധ പ്രതിരോധമായാണ് കാണുന്നത്. ഈ രാഷ്ട്രീയ നേതൃത്വത്തിന് കീഴില്‍ കേരളം മൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും വിളനിലമാവുകയാണെന്നും അനില്‍ ആന്റണി എക്‌സിലൂടെ ആരോപിച്ചിരുന്നു. എന്നാല്‍, സത്യാവസ്ഥ പുറത്തുവന്നതോടെ, അനില്‍ ആന്റണി പോസ്റ്റ് മുക്കിയിരുന്നു. പ്രമുഖ ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ അനില്‍ ആന്റണിയുടെ വിദ്വേഷ പ്രചാരണത്തെ എക്‌സില്‍ തുറന്നുകാട്ടിയിരുന്നു. മലയാളിയായിട്ടും യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ നുണ പ്രചരിപ്പിക്കുന്നുവെന്നായിരുന്നു സുബൈറിന്റെ പരാമര്‍ശം. എന്നാല്‍, ഇതിനെ 'ഡിജിറ്റല്‍ ജിഹാദി ഫാക്ട് ചെക്കര്‍' എന്ന് അധിക്ഷേപിച്ചാണ് അനില്‍ ആന്റണി നേരിട്ടത്.