ബിജെപി മുന്‍ എംപിക്കെതിരേ ലൈംഗികാരോപണം; വീഡിയോ പോസ്റ്റ് ചെയ്ത പെണ്‍കുട്ടിയെ കാണാതായി, കേസെടുത്തു
സ്വാമി ചിന്‍മയാനന്ദിനെതിരേ 2011ലുണ്ടായിരുന്ന ബലാല്‍സംഗക്കേസ് പിന്‍വലിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും ഷാജഹാന്‍പൂര്‍ കോടതി അപേക്ഷ നിരസിച്ചിരുന്നു. ചിന്‍മയാനന്ദ് നടത്തുന്ന ആശ്രമത്തില്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്ന ഒരു സ്ത്രീയാണ് കേസ് ഫയല്‍ ചെയ്തത്. നിരവധി വര്‍ഷങ്ങളായി തന്നെ ബന്ദിയാക്കുകയും ബലാല്‍സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ 2012ല്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും മൂന്ന് തവണ എംപിയായ ഇദ്ദേഹത്തെ ഒരുതവണ പോലും അറസ്റ്റ് ചെയ്തിരുന്നില്ല.
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ പോസ്റ്റ് ചെയ്ത നിയമവിദ്യാര്‍ഥിയെ കാണാതായി. സംഭവത്തില്‍ തട്ടിക്കൊണ്ടുപോവല്‍, ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് എംഎല്‍എം വിദ്യാര്‍ഥിനിയായ 23കാരി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. കോളജ് മാനേജ്‌മെന്റിലെ ചിലര്‍ തന്നെയും സഹപാഠികളെയും ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. എന്നാല്‍ വിദ്യാര്‍ഥിനി വീഡിയോയില്‍ ആരുടെയും പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇതിനുപിന്നാലെ വിദ്യാര്‍ഥിനിയെ കാണാതായതിനെ തുടര്‍ന്ന് പിതാവ് കോളജ് മാനേജ്‌മെന്റ് പ്രസിഡന്റും ബിജെപി നേതാവും മുന്‍ എംപിയുമായ ചിന്‍മയാനന്ദിനെതിരേ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പോലിസ് ലൈംഗിക പീഡനാരോപണം പരിഗണിച്ചില്ല. ആഭ്യന്തര സഹമന്ത്രിയായിരുന്ന മുന്‍ എംപിയെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ശ്രമം എന്നായിരുന്നു ചിന്‍മയാനന്ദിന്റെ അഭിഭാഷകന്റെ ആരോപണം.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ലഖ്‌നോവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഷാജഹാന്‍പൂരിലെ സ്വാമി സുഖ്‌ദേവാനന്ദ് പിജി കോളജിലെ വിദ്യാര്‍ഥിനിയായ യുവതി കാംപസിലെ ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്ത് 24നു വൈകീട്ട് നാലിനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിദ്യാര്‍ഥിനി ആരോപണം ഉന്നയിച്ചത്. നിരവധി പെണ്‍കുട്ടികളുടെ ജീവന്‍ നശിപ്പിക്കുകയും എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സന്ത് സമാജിലെ ഒരു വലിയ നേതാവില്‍ നിന്ന് രക്ഷിക്കണമെന്നായിരുന്നു അഭ്യര്‍ഥന. എന്നെ സഹായിക്കാന്‍ യോഗി ജി, മോദി ജി എന്നിവരോട് അഭ്യര്‍ത്ഥിക്കുകയാണ്. എന്റെ കുടുംബത്തെ കൊല്ലുമെന്നാണ് അദ്ദേഹം ഭീഷണിപ്പെടുത്തുന്നത്. ഞാന്‍ ഇപ്പോള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് അറിയണം. ദയവായി എന്നെ സഹായിക്കൂ. പോലിസും ജില്ലാ മജിസ്‌ട്രേറ്റുമെല്ലാം സന്യാസിയായ അദ്ദേഹത്തിന്റെ പോക്കറ്റിലാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, അദ്ദേഹത്തിനെതിരേ എല്ലാ തെളിവുകളും കന്റെ പക്കലുണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്. കരഞ്ഞുകൊണ്ടായിരുന്നു പെണ്‍കുട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
ഒരു കാറിലിരിക്കുന്ന വിധത്തിലുള്ള യുവതിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയ പിതാവ് ഞായറാഴ്ച പോലിസില്‍ പരാതി നല്‍കി. മകളുടെ വീഡിയോ കണ്ട ശേഷം മുന്‍ ബിജെപി എംപിയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി ഭയപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. വീഡിയോ കണ്ടപ്പോള്‍ തന്റെ മകളും കോളജിലെ മറ്റ് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനു വിധേയമായെന്ന് മനസ്സിലായി. എന്റെ മനസ്സില്‍ ഒട്ടേറെ ഭീതിയുയരുന്നുണ്ട്. ഇത് ചെയ്തത് സ്വാമി ചിന്‍മയാനന്ദാണ്. ബന്ധുക്കളുടെ വീടുകളിലെല്ലാം അവളെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. സംസ്ഥാന സര്‍ക്കാരിലും കേന്ദ്രത്തിലും സ്വാധീനമുള്ള ഇവര്‍ എന്തും ചെയ്യും. യോഗി ജി, മോദി ജി എന്നിവര്‍ ഞങ്ങളെ സഹായിക്കണമെന്നും പിതാവ് ഷാജഹാന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍, പോലിസ് നിസ്സംഗത കാട്ടിയിട്ടില്ലെന്നും അതിവേഗം നടപടികളെടുത്തിട്ടുണ്ടെന്നും രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും പോലിസ് പറഞ്ഞു. യുവതിയുടെ വീഡിയോ വൈറലായതിനു പിന്നാലെ, ചിന്‍മയാനന്ദിന്റെ ഷാജഹാന്‍പൂര്‍ ആശ്രമത്തിന്റെ അഭിഭാഷകനും ഞായറാഴ്ച അജ്ഞാതര്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കി. ഒരു മൊബൈല്‍ നമ്പറിലേക്ക് 5 കോടി രൂപ ആവശ്യപ്പെട്ട് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചെന്നും ആശ്രമത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഇതിന്‍മേല്‍ ജില്ലാ പോലിസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.് സ്വാമിയെ ഭീഷണിപ്പെടുത്തി ഒറ്റരാത്രികൊണ്ട് സമ്പന്നരാവാനുള്ള തന്ത്രമാണിതെന്നു ചിന്‍മയാനന്ദിന്റെ ആശ്രമ വക്താവ് ഓം സിങ് പരിഹസിച്ചു. എല്ലാ ആരോപണങ്ങളും തെറ്റാണ്. ഇത് സംഘടനയെയും സ്വാമിയുടെ പ്രതിച്ഛായയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. കാറിലിരുന്ന് വീഡിയോ ചെയ്യാന്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ജീവന്‍ എങ്ങനെയാണ് അപകടത്തിലാവുന്നത്. ഒരു പോലിസ് സ്‌റ്റേഷനില്‍ പോവാന്‍ അവള്‍ക്ക് അതേ കാര്‍ ഉപയോഗിക്കാമായിരുന്നുവെന്നും ഓം സിങ് പറഞ്ഞു.
സ്വാമി ചിന്‍മയാനന്ദിനെതിരേ 2011ലുണ്ടായിരുന്ന ബലാല്‍സംഗക്കേസ് പിന്‍വലിക്കാന്‍ ശ്രമം നടന്നിരുന്നെങ്കിലും ഷാജഹാന്‍പൂര്‍ കോടതി അപേക്ഷ നിരസിച്ചിരുന്നു. ചിന്‍മയാനന്ദ് നടത്തുന്ന ആശ്രമത്തില്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്ന ഒരു സ്ത്രീയാണ് കേസ് ഫയല്‍ ചെയ്തത്. നിരവധി വര്‍ഷങ്ങളായി തന്നെ ബന്ദിയാക്കുകയും ബലാല്‍സംഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ 2012ല്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും മൂന്ന് തവണ എംപിയായ ഇദ്ദേഹത്തെ ഒരുതവണ പോലും അറസ്റ്റ് ചെയ്തിരുന്നില്ല.