സ്വാമി ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്നു നിയമ വിദ്യാര്‍ഥിനി
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദ് തന്നെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചുവെന്നു യുപിയിലെ നിയമ വിദ്യാര്‍ഥിനി. പോലിസിന് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ ചിന്മയാനന്ദിനെതിരേ പെണ്‍കുട്ടി പരാതിയുമായി രംഗത്തെത്തുകയും പിന്നീട് പെണ്‍കുട്ടിയെ കാണാതാവുകയും ചെയ്തിരുന്നു. പിന്നീട് പോലിസ് രാജസ്ഥാനില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ചിന്മയാനന്ദ് തന്നെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു. ലോധി റോഡ് പോലിസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. അത് ഷാജഹാന്‍പുര്‍ പോലിസിന് കൈമാറി. എന്നാല്‍ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തില്ല. പ്രത്യേക അന്വേഷണ സംഘം തന്നെ 11 മണിക്കൂറോളം ചോദ്യം ചെയ്തു. അവരോട് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു. എന്നിട്ടും ചിന്മയാന്ദിനെ അറസ്റ്റ് ചെയിതില്ല- പെണ്‍കുട്ടി വ്യക്തമാക്കി.
പീഡനത്തിനിരയായതായും സഹായം അഭ്യര്‍ഥിച്ചും സമൂഹ മാധ്യമത്തിലൂടെ പെണ്‍കുട്ടി ആരോപണം ഉന്നയിച്ചിരുന്നു.
ഇക്കഴിഞ്ഞ ആഗസ്ത് 24നു വൈകീട്ട് നാലിനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിദ്യാര്‍ഥിനി ആരോപണം ഉന്നയിച്ചത്. നിരവധി പെണ്‍കുട്ടികളുടെ ജീവന്‍ നശിപ്പിക്കുകയും എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സന്ത് സമാജിലെ ഒരു വലിയ നേതാവില്‍ നിന്ന് രക്ഷിക്കണമെന്നായിരുന്നു അഭ്യര്‍ഥന. എന്നെ സഹായിക്കാന്‍ യോഗി ജി, മോദി ജി എന്നിവരോട് അഭ്യര്‍ത്ഥിക്കുകയാണ്. എന്റെ കുടുംബത്തെ കൊല്ലുമെന്നാണ് അദ്ദേഹം ഭീഷണിപ്പെടുത്തുന്നത്. ഞാന്‍ ഇപ്പോള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് അറിയണം. ദയവായി എന്നെ സഹായിക്കൂ. പോലിസും ജില്ലാ മജിസ്‌ട്രേറ്റുമെല്ലാം സന്യാസിയായ അദ്ദേഹത്തിന്റെ പോക്കറ്റിലാണെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, അദ്ദേഹത്തിനെതിരേ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്നുമായിരുന്നു വീഡിയോ. കരഞ്ഞുകൊണ്ടായിരുന്നു പെണ്‍കുട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ പെണ്‍കുട്ടി ചിന്മയാനന്ദിന്റെ പേര് പറഞ്ഞിരുന്നില്ല. പിന്നീട് പെണ്‍കുട്ടിയുടെ പിതാവാണ് ചിന്മയാനന്ദിനെതിരേ പോലിസില്‍ പരാതി നല്‍കിയത്.
വീഡിയോ കണ്ടപ്പോള്‍ തന്റെ മകളും കോളജിലെ മറ്റ് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിനു വിധേയമായെന്ന് മനസ്സിലായി. എന്റെ മനസ്സില്‍ ഒട്ടേറെ ഭീതിയുയരുന്നുണ്ട്. ഇത് ചെയ്തത് സ്വാമി ചിന്‍മയാനന്ദാണ്. സംസ്ഥാന സര്‍ക്കാരിലും കേന്ദ്രത്തിലും സ്വാധീനമുള്ള ഇവര്‍ എന്തും ചെയ്യും. യോഗി ജി, മോദി ജി എന്നിവര്‍ ഞങ്ങളെ സഹായിക്കണമെന്നും പിതാവ് ഷാജഹാന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
തുടര്‍ന്ന് സംഭവം വിവാദമായതോടെ മൂന്ന് ദിവസങ്ങള്‍ക്കുശേഷം പോലിസ് തട്ടിക്കൊണ്ട് പോകലിന് കേസെടുത്തു. എന്നാല്‍ ചിന്മയാനന്ദിനെതിരേ പോലിസ് നടപടി കൈക്കൊള്ളുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല.
അതേസമയം ചിന്മയാനന്ദ് ആത്മീയപാതയിലാണെന്നും കേസ് നടപടികളോട് സഹകരിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി ചിന്മയാനന്ദിന്റെ അഭിഭാഷകന്‍ രംഗത്തെത്തിയിട്ടുണ്ട്.