ബിജെപി നേതാവ് ചിന്‍മയാനന്ദിനെതിരേ ബലാല്‍സംഗം ആരോപിച്ച വിദ്യാര്‍ഥിനിയെ പണാപഹരണ കേസില്‍ അറസ്റ്റ് ചെയ്തു
ഷാജഹാന്‍പൂരിലെ വസതിയില്‍ നിന്നാണ് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയത്. വിദ്യാര്‍ഥിനി ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് അറസ്റ്റ്.
ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദിനെതിരേ ബലാല്‍സംഗം ആരോപിച്ച നിയമവിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഷാജഹാന്‍പൂരിലെ വസതിയില്‍ നിന്നാണ് പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയത്. വിദ്യാര്‍ഥിനി ഇന്നലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് അറസ്റ്റ്.
5 കോടി രൂപ ആവശ്യപ്പെട്ട് ചിന്‍മയാനന്ദിന്റെ ഫോണിലേക്ക് വന്ന ഒരു ടെക്‌സ്റ്റ് മെസേജുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തതായും കോടതിയില്‍ ഹാജരാക്കി ചോദ്യം ചെയ്യലിന് വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
രാവിലെ എട്ട് മണിക്ക് വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘം അവരെ വലിച്ചിഴച്ചാണ് കൊണ്ടുപോയതെന്ന് അഭിഭാഷകന്‍ ആരോപിച്ചു. ബാത്ത്‌റൂമില്‍ പോവണമെന്ന ആവശ്യം പോലും പോലിസ് അംഗീകരിക്കാന്‍ തയ്യാറായില്ല.
പണാപഹരണ കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിനിയെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ആ സമയത്ത് തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലിനു ശേഷം എസ്‌ഐടി സംഘം മടങ്ങിപ്പോയി. ചിന്‍യമാനന്ദില്‍ നിന്ന് പണമാവശ്യപ്പെട്ട് ടെക്സ്റ്റ് സന്ദേശമയച്ച മൂന്നുപേരുമായി എന്താണ് ബന്ധമെന്നാണ് എസ്‌ഐടി സംഘം വിദ്യാര്‍ഥിനിയോട് ചോദിച്ചതെന്ന് സഹോദരി പറഞ്ഞു. എന്നാല്‍, അവരുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് വിദ്യാര്‍ഥിനി വ്യക്തമാക്കി.
ചിന്‍മയാനന്ദില്‍ നിന്ന് 5 കോടി ആവശ്യപ്പെട്ട് സന്ദേശമയച്ചുവെന്നാരോപിച്ച് സഞ്ജയ് സിങ്, സച്ചിന്‍ സെന്‍ഗര്‍, വിക്രം എന്നിവരെ കഴിഞ്ഞയാഴ്ച്ച എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. ഫോണ്‍കോളുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, സിസിടിവി ദൃശ്യങ്ങള്‍ എന്നിവയില്‍ നിന്ന് വിദ്യാര്‍ഥിനിയും ഈ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമായതായി എസ്‌ഐടി വൃത്തങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍, ഇത് നിഷേധിച്ച വിദ്യാര്‍ഥിനി ചിന്‍മയാനന്ദിനെതിരായ ബലാല്‍സംഗക്കേസ് ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ആരോപിക്കുന്നു.
വിദ്യാര്‍ഥിനിയും അവരുടെ ആറ് സുഹൃത്തുക്കളും ജനുവരി മുതല്‍ 4,300 തവണ ഫോണില്‍ ബന്ധപ്പെട്ടതായും ഇതില്‍ ഏറ്റവും കൂടുതല്‍ കോളുകള്‍ ചെയ്തത് വിദ്യാര്‍ഥിനി ബലാല്‍സംഗം ആരോപിച്ച് രംഗത്തെത്തിയ ആഗസ്ത് മാസത്തിലാണെന്നും എസ്‌ഐടി വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു. തങ്ങളുടെ കൈയിലുള്ള വീഡിയോ ദൃശ്യത്തില്‍ അറസ്റ്റിലായ മൂന്നുപേരോടൊപ്പം വിദ്യാര്‍ഥിനിയും ഉണ്ടെന്നും എസ്‌ഐടി അവകാശപ്പെടുന്നു.