കേരളത്തില്‍ ജാതി സെന്‍സസ് നടത്തണം; ഇടപെടല്‍ ആവശ്യപ്പെട്ട് എംഎല്‍എമാര്‍ക്ക് എസ്ഡിപിഐ നിവേദനം നല്‍കും

Update: 2023-08-18 13:08 GMT

തിരുവനന്തപുരം: കേരളത്തില്‍ ജാതി സെന്‍സസ് നടത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ എംഎല്‍എമാര്‍ക്ക് നിവേദനം നല്‍കുമെന്ന് എസ് ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. സംവരണ സമൂഹങ്ങളുടെ അധികാര-ഔദ്യോഗിക-വിഭവ മേഖലയിലെ പങ്കാളിത്തം കൃത്യമായി അറിയുന്നതിന് ജാതി സെന്‍സസ് നടത്തേണ്ടതുണ്ട്. സംവരണത്തിന് അര്‍ഹമായ എസ് സി, എസ് ടി, മുസ് ലിം പിന്നാക്ക വിഭാഗങ്ങളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും ജാതി തിരിച്ചുള്ള വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ ഓരോ വിഭാഗങ്ങള്‍ക്കും അവര്‍ക്ക് അര്‍ഹമായ സംവരണ മാനദണ്ഡപ്രകാരമുള്ള അവകാശങ്ങള്‍ ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ കഴിയുകയുള്ളു. സാമൂഹിക വിഭാഗങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവുന്നതിന് വേണ്ടി ജാതി സെന്‍സസ് നടക്കേണ്ടത് അനിവാര്യമാണ്. കൂടാതെ ചില സാമൂഹിക വിഭാഗങ്ങള്‍ അനര്‍ഹമായി പലതും കൈക്കലാക്കി എന്ന തരത്തിലുള്ള സാമൂഹിക വിഭജനത്തിനും സ്പര്‍ദ്ദയ്ക്കും കാരണമായേക്കാവുന്ന വ്യാജപ്രചാരണങ്ങളുടെ മുനയൊടിക്കുന്നതിനും സത്യസന്ധമായ സ്ഥിതിവിവര കണക്കുകള്‍ പുറത്തുവരേണ്ടതുണ്ട്. അനര്‍ഹമായി ആരാണ് കൈക്കലാക്കിയിരിക്കുന്നത് എന്ന യാഥാര്‍ഥ്യവും ഇതോടെ വ്യക്തമാവും. ആയതിനാല്‍ ജാതി സെന്‍സസ് നടത്തുന്നതിന് വേണ്ട ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി നിവേദനം നല്‍കുന്നത്. ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാവുകയും കോടതി അതിന് അനുമതി നല്‍കിയ വിവരവും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എംഎല്‍എമാരെ നേരില്‍ കണ്ട് പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതാക്കള്‍ നിവേദനം നല്‍കി വരികയാണെന്നും തുളസീധരന്‍ പള്ളിക്കല്‍ വ്യക്തമാക്കി.




Tags:    

Similar News