രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും വാഗ്ദാനം; കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഘം സിബിഐ പിടിയില്‍
100 കോടി രൂപക്കാണ് രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും സംഘം വാഗ്ദാനം ചെയ്തിരുന്നത്.
ന്യൂഡല്‍ഹി:രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഘം സിബിഐ പിടിയില്‍.100 കോടി രൂപക്കാണ് രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും സംഘം വാഗ്ദാനം ചെയ്തിരുന്നത്. നിശ്ചയിച്ചുറപ്പിച്ച തുക കൈമാറുന്നതിനിടേ സിബിഐ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടുകയായിരുന്നു.നാലു പേരെ അറസ്റ്റ് ചെയ്തതായും ഒരാള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് ഓടി രക്ഷപ്പെട്ടതായും സിബിഐ അറിയിച്ചു.ഇയാള്‍ക്കെതിരെ തിരച്ചില്‍ ശക്തമാക്കി.
രാജ്യസഭാ സീറ്റിനും ഗവര്‍ണര്‍ പദവിക്കും പുറമെ വിവിധ സര്‍ക്കാര്‍ കോര്‍പറേഷനുകളില്‍ ചെയര്‍പേഴ്‌സന്‍ സ്ഥാനവും മന്ത്രാലയങ്ങളില്‍ ജോലിയുമടക്കം വാഗ്ദാനം ചെയ്തായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. ഒരാഴ്ചയായി നടത്തിയ ഫോണ്‍കോളുകളുടെ നിരീക്ഷണത്തിലൂടെയാണ് സിബിഐ സംഘം പ്രതികളെ വലയിലാക്കിയത്.വാഗ്ദാനവുമായി ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സമീപിച്ചതായി സിബിഐക്കു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
മഹാരാഷ്ട്രാ സ്വദേശി കര്‍മലാകര്‍ പ്രേംകുമാര്‍ ബന്ദ്ഗര്‍,അഭിഷേക് ബൂറ, കര്‍ണാടക സ്വദേശി രവീന്ദ്ര വിത്തല്‍ നായിക്, ഡല്‍ഹി സ്വദേശികളായ മഹേന്ദ്ര പാല്‍ അറോറ, മുഹമ്മദ് ഐജാസ് ഖാന്‍ എന്നിവരാണ് റാക്കറ്റിലുണ്ടായിരുന്നത്.സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ് ബാന്ദ്ഗര്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു.ഉന്നതതലങ്ങളില്‍ ബന്ധമുള്ളയാളാണെന്ന് ഇരകളെ പറഞ്ഞു വിശ്വസിപ്പിക്കുന്നതാണ് ഇവരുടെ രീതി. ബന്ദ്ഗറുമായി ചേര്‍ന്ന് അഭിഷേക് ബൂറയായിരുന്നു തട്ടിപ്പ് ആസൂത്രണം ചെയ്തത്. ബാക്കിയുള്ളവര്‍ ഏജന്റുമാരായാണ് പ്രവര്‍ത്തിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു.