ഐഎസ്ആര്‍ഒ ചാരക്കേസ്: അഞ്ചു പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Update: 2024-06-27 13:06 GMT

തിരുവനന്തപുരം: 1994ലെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സിബിഐ അഞ്ച് പേര്‍ക്കെതിരേ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ ഡല്‍ഹി യൂനിറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. എസ് നമ്പി നാരായണനും ഡി ശശികുമാരനും മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും അന്തരിച്ച ഫൗസിയ ഹസനും പ്രതികളായി കേരള പോലിസ് 1994ല്‍ രജിസ്റ്റര്‍ ചെയ്ത ചാരക്കേസ് പോലിസ് ഉദ്യോഗസ്ഥരും കേരളത്തിലെ ഐബി ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിബിഐ. ഗൂഢാലോചനയുടെ ആസൂത്രകരായിമുന്‍ ഡിജിപിമാരായ ആര്‍ ബി ശ്രീകുമാര്‍, സിബി മാത്യൂസ്, കേരള പോലീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരായ എസ് വിജയന്‍, തമ്പി എസ് ദുര്‍ഗാദത്ത്, പി എസ് ജയപ്രകാശ് എന്നിവരെയാണ് കുറ്റപത്രത്തില്‍ പറയുന്നത്. തിങ്കളാഴ്ച സിബിഐ ആസ്ഥാനത്തുനിന്നുള്ള ഉദ്യോഗസ്ഥര്‍ കോടതിയിലെത്തി കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പരിശോധിക്കുകയാണ്. പിഴവുകളില്ലെങ്കില്‍ അടുത്തയാഴ്ച കോടതി കുറ്റപത്രം പരിഗണിച്ചേക്കും.

    2021 ഓഗസ്റ്റില്‍ സുപ്രിം കോടതി ഉത്തരവിട്ടതനുസരിച്ചാണ് കേസിനുപിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന കാര്യം സിബിഐ അന്വേഷിച്ചത്. ചാരക്കേസിനുപിന്നിലെ വസ്തുതകള്‍ അന്വേഷിക്കാന്‍ കോടതി നിയോഗിച്ച മുന്‍ ജഡ്ജി ഡി കെ ജെയിന്‍ നയിച്ച കമ്മിറ്റി കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച പോലിസിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സംഭവിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന്, തെറ്റായി പ്രതി ചേര്‍ക്കപ്പെട്ട ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്ആര്‍ഒ) അന്നത്തെ ക്രയോജനിക് പ്രോജക്റ്റിന്റെ ഡയറക്ടറായിരുന്ന നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സുപ്രിം കോടതി അനുവദിച്ചു. വ്യക്തമായ തെളിവുകളൊന്നുമില്ലാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പോലിസിനെ സഹായിക്കാന്‍ ഐബി ഉദ്യോഗസ്ഥര്‍ കാട്ടിയ വ്യഗ്രത സംശയാസ്പദമാണെന്നും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന.

Tags:    

Similar News