ശാരദ, റോസ് വില്ല തട്ടിപ്പ്: മമതയുടെ അടുപ്പക്കാരനായ ഐപിഎസ് ഓഫിസറെ പൂട്ടാനൊരുങ്ങി സിബിഐ
ശാരദ, റോസ് വാല്ലി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു നേതൃത്വം നല്‍കിയ രാജീവ് കുമാറിനോട് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുപ്പക്കാരനും കൊല്‍ക്കത്ത പോലിസ് കമ്മീഷണറുമായ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ).
ശാരദ, റോസ് വാല്ലി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു നേതൃത്വം നല്‍കിയ രാജീവ് കുമാറിനോട് അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.ചിട്ട് ഫണ്ട് തട്ടിപ്പ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണത്തിന്റെ മേധാവിയായ രാജീവ് കുമാര്‍ അന്വേഷണം മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ കഴിഞ്ഞ മൂന്നാലു ദിവസമായി ഒളിവിലാണ് ഉദ്യോഗസ്ഥന്‍. റോസ് വാല്ലി ചിട്ടി തട്ടിപ്പില്‍ പങ്കുള്ള ബംഗാളി സിനിമാ നിര്‍മാതാവ് ശ്രീകാന്ത് മൊഹ്തയെ നേരത്തേ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിനിമാ നിര്‍മാണത്തിന്റെ പേരില്‍ 24 കോടി അപഹരിച്ചെന്നാണ് മൊഹ്തയ്‌ക്കെതിരായ ആരോപണം. സിബിഐ ഉദ്യോഗസ്ഥര്‍ നേരത്തേ ശ്രീകാന്ത് മൊഹ്തയുടെ ദക്ഷിണ കൊല്‍ക്കത്ത മാളിലെ ഓഫിസിലെത്തി തട്ടിപ്പിലെ മൊഹ്തയുടെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. നിരവധി തവണ നോട്ടീസ് നല്‍കിയിട്ടും മൊഹ്ത അന്വേഷണകമ്മീഷനു മുമ്പില്‍ ഹാജരായിരുന്നില്ല.
ത്രിപൂര ആസ്ഥാനമായി 1997ല്‍ വ്യവസായിയായ കാജല്‍ കുണ്ടു ചെറിയ തോതില്‍ ആരംഭിച്ച റോസ് വാല്ലി കമ്പനി വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്തു ഇടപാടുകാരില്‍നിന്നു 17000കോടിയോളം രൂപ സമാഹരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്. രണ്ട് തട്ടിപ്പിലും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.