ജഡ്ജിയുടെ ദുരൂഹമരണം സുപ്രിംകോടതിയിലും ചര്‍ച്ചയായി; ജുഡീഷ്യറിക്കെതിരായ ആക്രമണം, സിബിഐ അന്വേഷണം വേണമെന്നും ആവശ്യം
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷനല്‍ ജില്ലാ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവം സുപ്രിംകോടതിയിലും ചര്‍ച്ചാവിഷയമായി. സുപ്രിംകോടതി ബാര്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് അഭിഭാഷകനായ വികാസ് സിങ്ങാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വിഷയം അവതരിപ്പിച്ചത്. ഇത് ജുഡീഷ്യറിക്കെതിരായ ആക്രമണമാണെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും വികാസ് സിങ് ആവശ്യപ്പെട്ടു. പ്രഭാതസവാരിക്കിറങ്ങിയ ഒരു ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തുകയെന്നത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്.
ഗുണ്ടാത്തലവന്‍മാരുടെ ജാമ്യാപേക്ഷ കൈകാര്യം ചെയ്ത ജഡ്ജിയായിരുന്നു അദ്ദേഹം. ഇത് ന്യായാധിപന്‍മാരുടെ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമാണ്. ഇത്തരം സംഭവങ്ങളില്‍ ലോക്കല്‍ പോലിസ് കുറ്റവാളികള്‍ക്കൊപ്പം നില്‍ക്കുന്നതാണ് പതിവ്. അഭിഭാഷകന്റെ വാദം കേട്ട ജസ്റ്റിസ് ചന്ദ്രചൂഢ് വിഷയം ചീഫ് ജസ്റ്റിസിന് മുന്നില്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ചന്ദ്രചൂഢ് ഇക്കാര്യം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ജാര്‍ഖണ്ഡ് ഹൈക്കോടതിയുമായി ബന്ധപ്പെട്ടതായി ബാര്‍ അസോസിയേഷനെ അറിയിച്ചു.
ജഡ്ജിയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട്. കേസിനെക്കുറിച്ച് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്, ഞങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കും- ജസ്റ്റിസ് രമണ പറഞ്ഞു. ജഡ്ജിയുടെ മരണം സുപ്രിംകോടതിയുടെ മറ്റൊരു കോടതിമുറിയിലും അനൗപചാരികമായി ചര്‍ച്ച ചെയ്യപ്പെട്ടു. ജഡ്ജിയെ വാഹനമിടിക്കുന്നതിന്റെ വീഡിയോ ആരാണ് ഷൂട്ട് ചെയ്തതെന്ന് ജസ്റ്റിസ് എം ആര്‍ ഷാ ചോദിച്ചു. ഈ വീഡിയോ ദൃശ്യം സാധാരണ സിസിടിവിയില്‍നിന്നുള്ളതല്ല.
പ്രചാരണത്തിനായി മനപ്പൂര്‍വം റെക്കോര്‍ഡ് ചെയ്തതാണ്- അഭിഭാഷകന്‍ വികാസ് സിങ് പറഞ്ഞു. ഇത് വളരെ ലജ്ജാകരമാണ്. അത് റെക്കോര്‍ഡുചെയ്യാനും പ്രചരിപ്പിക്കാനും അവര്‍ ആഗ്രഹിക്കുന്നു. ഇത് സിസിടിവി കാമറ മാത്രമല്ല, കാരണം അത് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും സിങ് ജസ്റ്റിസ് ഷായോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജാര്‍ഖണ്ഡ് ജുഡീഷ്യല്‍ സര്‍വീസ് അസോസിയേഷന്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡ് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ സിബിഐ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.
ജഡ്ജിയുടെ അപകടമരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കാണ് പോലിസ് എത്തിക്കൊണ്ടിരിക്കുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതുതന്നെയാണ് വഴിത്തിരിവായി മാറിയത്. അപകടമുണ്ടാക്കിയ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സംഭവം നടക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് വാഹനം മോഷ്ടിച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലിസ് പറഞ്ഞു. നിലവില്‍ ഉത്തം ആനന്ദ് കൈകാര്യം ചെയ്ത കേസുകളെ കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം നടത്തുന്നത്.
ധന്‍ബാദ് ടൗണിലെ നിരവധി മാഫിയ കൊലപാതകങ്ങളടക്കമുള്ള കേസുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. അടുത്തിടെ രണ്ട് പ്രധാന ഗുണ്ടാത്തലവന്മാരുടെ ജാമ്യാപേക്ഷ നിരസിക്കുകയും ചെയ്തു. ഇതിന്റെ പകയാണോ കൊലപാതകത്തിന് പിന്നിലെന്നും പോലിസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞദിവസമാണ് ധന്‍ബാദിലെ ജില്ലാ അഡീഷനല്‍ ജഡ്ജി ഉത്തം ആനന്ദ് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് മരിച്ചത്. വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പോലിസിന്റെ ആദ്യ വിശദീകരണം.
എന്നാല്‍, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ ഒരു ഒട്ടോറിക്ഷ പിന്നാലെ വന്ന് ഇടിച്ചിടുകയായിരുന്നു. അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. സംഭവസമയം മറ്റുവാഹനങ്ങളൊന്നും റോഡിലുണ്ടായിരുന്നില്ല. മാത്രമല്ല, വളവ് തിരിഞ്ഞെത്തിയ ഓട്ടോറിക്ഷ ജഡ്ജിയെ മനപ്പൂര്‍വം ഇടിച്ചിട്ടതാണെന്നും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ജഡ്ജിയെ നാട്ടുകാരിലൊരാളാണ് ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍, അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ അദ്ദേഹത്തിന്റെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രിയില്‍ കിടന്നു. രാവിലെ ഏഴ് മണിയോടെ ഉത്തം ആനന്ദിന്റെ കുടുംബാംഗങ്ങള്‍ പോലിസില്‍ പരാതി നല്‍കിയതോടെയാണ് വാഹനമിടിച്ച് മരിച്ചത് ജില്ലാ ജഡ്ജിയാണെന്ന് തിരിച്ചറിഞ്ഞത്. പ്രഭാതസവാരിക്ക് പോയ ഉത്തം ആനന്ദിനെ കാണാനില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. തുടര്‍ന്ന് പോലിസ് സംഘം ആശുപത്രിയിലെത്തി വാഹനാപകടത്തില്‍ മരിച്ചത് ജഡ്ജിയാണെന്ന് തിരിച്ചറിയുകയായിരുന്നു.