ബിജെപി നേതാവ് പ്രതിയായ കൂട്ടബലാല്‍സംഗക്കേസ്: സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന് ഹോട്ടല്‍
ഷിംല: ബിജെപി ഹരിയാന സംസ്ഥാന പ്രസിഡന്റ് മോഹന്‍ ലാല്‍ ബദോലി പ്രതിയായ കൂട്ടബലാല്‍സംഗക്കേസിലെ നിര്‍ണായക തെളിവുകള്‍ നഷ്ടമായതായി പോലിസ്. ബലാല്‍സംഗം നടന്ന ഹിമാചല്‍പ്രദേശ് ടൂറിസം വികസന കോര്‍പറേഷന്റെ കീഴിലുള്ള റോസ് കോമണ്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കൈവശം ഇല്ലെന്ന് ഹോട്ടല്‍ അധികൃതര്‍ പോലിസിനെ അറിയിച്ചു.
2023 ജൂലൈയിലാണ് ന്യൂഡല്‍ഹി സ്വദേശിനിയായ യുവതിയെ മോഹന്‍ ലാല്‍ ബദോലിയും സുഹൃത്തും ഗായകനുമായ ജയ് ഭഗ്‌വാന്‍ എന്ന റോക്കി മിത്തലും കൂട്ടബലാല്‍സംഗം ചെയ്തത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ യുവതി പോലിസില്‍ പരാതി നല്‍കിയില്ല. ഭീഷണി തുടര്‍ന്നതിനാല്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍, പരാതിക്കാരിക്കെതിരേ അവരുടെ കൂടെ ഹിമാചലിലുണ്ടായിരുന്ന സുഹൃത്ത് രംഗത്തെത്തി. പരാതിക്കാരി പറയുന്നതു പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. മോഹന്‍ലാല്‍ ബദോലി ഹോട്ടലിലുണ്ടായിരുന്നില്ല. ജയ് ഭഗ്‌വാന്‍ ഉണ്ടായിരുന്നു. പരാതി പിന്‍വലിക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടും ഇര സമ്മതിച്ചില്ലെന്നും അവര്‍ പറഞ്ഞു. പോലിസില്‍ മൊഴി നല്‍കാനും സുഹൃത്ത് തയ്യാറായിട്ടില്ല. കുറ്റകൃത്യം നടന്ന സമയത്ത് മോഹന്‍ലാല്‍ ബദോലി ഹോട്ടലില്‍ ഉണ്ടായിരുന്നു എന്നതിന് നിലവില്‍ തെളിവുകളൊന്നും ഇല്ലെന്ന് കസോലി എസ്എച്ച്ഒ ധന്‍വീര്‍ സിങ് പറഞ്ഞു.
കേസില്‍ മോഹന്‍ലാല്‍ ബദോലിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബിജെപിയില്‍ തന്നെ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്നും പോലിസ് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവും ഹരിയാന ഗതാഗത മന്ത്രിയുമായ അനില്‍ വിജി ആവശ്യപ്പെട്ടു.