വെടിനിര്‍ത്തലില്‍ ഖുദ്‌സും ഉള്‍പ്പെടുത്തണമെന്ന് ഹമാസ്; നിരസിച്ച് ഇസ്രായേല്‍
ഗസ മുനമ്പില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ഈജിപ്ഷ്യന്‍, റഷ്യന്‍ ആഹ്വാനങ്ങളോടുള്ള പ്രതികരണത്തിലാണ് ഹമാസ് ഈ ആവശ്യമുയര്‍ത്തിയത്.
ഗസാ സിറ്റി: ഗസ മുനമ്പിലെ വെടിനിര്‍ത്തലില്‍ സയണിസ്റ്റ് സൈന്യം ഇസ്‌ലാം മത വിശ്വാസികള്‍ക്കു മേല്‍ അക്രമം അഴിച്ചുവിട്ട ജെറുസലേമിലെ അല്‍ അഖ്‌സ മസ്ജിദ് സമുച്ചയം ഉള്‍പ്പെടുന്ന ഖുദ്‌സും ഉള്‍പ്പെടുത്തണമെന്ന് ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ്. ഗസ മുനമ്പില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ഈജിപ്ഷ്യന്‍, റഷ്യന്‍ ആഹ്വാനങ്ങളോടുള്ള പ്രതികരണത്തിലാണ് ഹമാസ് ഈ ആവശ്യമുയര്‍ത്തിയത്.
അതേസമയം, വിശുദ്ധനഗരമായ ഖുദ്‌സിനെ ഉള്‍പ്പെടുത്തണമെന്ന് ഹമാസ് നിര്‍ബന്ധം പിടിക്കുന്നതിനാല്‍ ഈജിപ്തിന്റെ മേല്‍നോട്ടത്തില്‍ റഷ്യ മുന്നോട്ട് വച്ച വെടിനിര്‍ത്തല്‍ വാഗ്ദാനം ഇസ്രായേല്‍ തള്ളിയതായി ഇസ്രേയലി ചാനല്‍ റിപോര്‍ട്ടിനെ ഉദ്ധരിച്ച് ഫലസ്തീന്റെ അല്‍ ഖുദ്‌സ് ടിവി റിപോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തലിനായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ മൂന്ന് മണിക്കൂര്‍ സമയം വെടിനിര്‍ത്തല്‍ അനുവദിക്കണമെന്ന നിര്‍ദേശം തങ്ങളുടെ സംഘം നിരസിച്ചതായി നാടുകടത്തപ്പെട്ട ഹമാസ് നേതാവ് സ്വാലിഹ് അരുരി വെള്ളിയാഴ്ച പുലര്‍ച്ചെ ലണ്ടന്‍ ആസ്ഥാനമായുള്ള അല്‍ അറബി ചാനലിനോട് പറഞ്ഞു. സന്ധി ശ്രമങ്ങള്‍ക്ക് ഈജിപ്തും ഖത്തറും യുഎന്നും നേതൃത്വം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലോഡ്, ബാത് യാം, ആക്രി മറ്റ് ഇസ്രായേല്‍ നഗരങ്ങളിലേയും ആഭ്യന്തരസംഘര്‍ഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഗസയിലെ സൈനിക നടപടി പരിമിതപ്പെടുത്താന്‍ ഇസ്രായേല്‍ സൈന്യം ശ്രമിക്കുന്നതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേല്‍ ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.