ലോറന്‍സ് ബിഷ്‌ണോയിയെ ചോദ്യം ചെയ്യാന്‍ കേന്ദ്ര അനുമതിയില്ല; മുംബൈ ക്രൈംബ്രാഞ്ച് പ്രതിസന്ധിയില്‍
കാനഡയില്‍ സിഖ് വിമതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് ക്വട്ടേഷന്‍ എടുക്കുന്നത് ഇയാളാണെന്നും ആരോപണമുണ്ട്.
മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദീഖിയുടെ കൊലപാതകത്തില്‍ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയെ ചോദ്യം ചെയ്യാനാവാതെ മുംബൈ ക്രൈംബ്രാഞ്ച്. ഗുജറാത്തിലെ സബര്‍മതി ജയിലില്‍ നിന്ന് പുറത്തുകൊണ്ടു വന്ന് മഹാരാഷ്ട്രയില്‍ വെച്ച് ഇയാളെ ചോദ്യം ചെയ്യണമെന്ന അപേക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കാത്തതാണ് കാരണം. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിലും ഇയാളെ ചോദ്യം ചെയ്യാനുള്ള അപേക്ഷ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.
ജയിലില്‍ നിന്ന് ലോറന്‍സ് ബിഷ്‌ണോയിയെ പുറത്തുകൊണ്ടു പോവുന്നത് തടഞ്ഞ് 2023 ആഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് ഒരു വര്‍ഷത്തെ കാലാവധി കഴിഞ്ഞതോടെ പുതുക്കുകയും ചെയ്തു. ലോറന്‍സ് ബിഷ്‌ണോയിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്ന് മഹാരാഷ്ട്ര ആഭ്യന്തര സെക്രട്ടറി അനൂപ് കുമാര്‍ സിങ് പറഞ്ഞു.
പഞ്ചാബി ഗായകനായ സിദ്ദു മൂസെവാലെയുടെ കൊലപാതകം, സല്‍മാന്‍ ഖാന്റെ വീടിനു നേരെയുള്ള ആക്രമണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ലോറന്‍സ് ബിഷ്‌ണോയ്. കൂടാതെ കാനഡയില്‍ സിഖ് വിമതര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് ക്വട്ടേഷന്‍ എടുക്കുന്നത് ഇയാളാണെന്നും ആരോപണമുണ്ട്.