ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വീണ്ടും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. ആദായ നികുതി വകുപ്പിലെ 15 ഉദ്യോഗസ്ഥരോടാണ് നിര്‍ബന്ധമായി വിരമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ അനൂപ് ശ്രീവാസ്തവ, കമ്മിഷണര്‍ അതുല്‍ ദിക്ഷിത്, സന്‍സാര്‍ ഛന്ദ്, ജി ശ്രീഹര്‍ഷ, വിനയ് ബ്രിജ് സിങ്, അശോക് ആര്‍ മഹിദ, വിരേന്ദ്രകര്‍ അഗര്‍വാള്‍, അംമരേഷ് ജെയിന്‍, നളിന്‍ കുമാര്‍, എസ്എസ് പബന, എഎസ് ബിഷ്ത്, വിനോദ് കുമാര്‍ സംഗ, രാജു ശേഖര്‍, അശോക് കുമാര്‍ അസ്‌വാള്‍, മുഹമ്മദ് അല്‍ത്താഫ് എന്നീ ഉദ്യോഗസ്ഥരോടാണ് നിര്‍ബന്ധമായി വിരമിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്.
മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ രണ്ടാമത്തെ നടപടിയാണിത്. ഇതേ വകുപ്പിലെ 12 ഉദ്യോഗസ്ഥര്‍ക്കെതിരേ നേരത്തെയും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. ഇതിനു ഒരാഴ്ച തികയുമ്പോഴാണ് 15 ഉദ്യോഗസ്ഥര്‍ക്കെതിരേ വീണ്ടും നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത്.
ജനറല്‍ ഫിനാന്‍ഷ്യല്‍ റൂള്‍സിലെ 56 (ജെ) വകുപ്പ് പ്രകാരമാണ് നടപടിയെന്നു അധികൃതര്‍ അറിയിച്ചു.
അഴിമതിയടക്കമുള്ള ആരോപണം നേരിടുന്നവരോടാണു വിരമിക്കാന്‍ നിര്‍ദേശിച്ചത്. നടപടിയെടുത്ത 11 പേര്‍ സിബിഐ അന്വേഷണവും രണ്ടു പേര്‍ റവന്യു വകുപ്പിന്റെ അന്വേഷണവും നേരിടുന്നവരാണെന്നും അധികൃതര്‍ അറിയിച്ചു.