സംസ്ഥാനങ്ങളില്‍ പ്രത്യേക തീവ്രവാദ വിരുദ്ധ സേന വേണമെന്ന് കേന്ദ്രസര്‍ക്കാര്‍; ഡീ റാഡിക്കലൈസേഷന്‍ യൂണിറ്റുകളും അനിവാര്യമെന്ന്

എന്‍എസ്ജി കമാന്‍ഡോകള്‍ക്ക് നല്‍കുന്ന പരിശീലനമായിരിക്കും തീവ്രവാദ വിരുദ്ധസേനകളിലെ ഉദ്യോഗസ്ഥര്‍ക്കും നല്‍കുക

Update: 2024-11-29 02:06 GMT

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക തീവ്രവാദ വിരുദ്ധ സേന രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ഈ സേനകള്‍ക്കുണ്ടാവണം. കൂടാതെ, ജയില്‍ നിരീക്ഷണ യൂനിറ്റ്, ഭാഷാ വിദഗ്ദ യൂനിറ്റ്, ഡീറാഡിക്കലൈസേഷന്‍ യൂനിറ്റ്, സാമ്പത്തിക രഹസ്യാന്വേഷണ യൂനിറ്റ് എന്നിവയും സേനക്കുള്ളിലുണ്ടാവണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

എന്‍എസ്ജി കമാന്‍ഡോകള്‍ക്ക് നല്‍കുന്ന പരിശീലനമായിരിക്കും തീവ്രവാദ വിരുദ്ധസേനകളിലെ ഉദ്യോഗസ്ഥര്‍ക്കും നല്‍കുക. 80 മുതല്‍ 650 വരെ ഉദ്യോഗസ്ഥര്‍ ഒരു യൂനിറ്റിലുണ്ടാവണം. ദേശീയ തീവ്രവാദ നയം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഈ മാസം ആദ്യം ദേശീയ അന്വേഷണ ഏജന്‍സി സംഘടിപ്പിച്ച സെമിനാറില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. പുതിയ നയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സേന രൂപീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മാത്രമേ നിലവില്‍ സ്വതന്ത്രമായ തീവ്രവാദ വിരുദ്ധസേനയുള്ളൂവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പോലിസിനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ ഈ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

Similar News