കുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി; സുരക്ഷിതരെന്ന് ഡിഎഫ്ഒ

രാത്രിയും പകലുമായി 14 മണിക്കൂര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നത്.

Update: 2024-11-29 02:24 GMT

കോതമംഗലം: കുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തിയെന്ന് വനംവകുപ്പ്. ഇന്നലെ മുതല്‍ കാട്ടില്‍ കാണാതായ മായാ ജയന്‍, പാറുക്കുട്ടി, ഡാര്‍ലി എന്നിവരെയാണ് കണ്ടെത്തിയിരിക്കുന്നത്. അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ ശ്രീനിവാസ് അറിയിച്ചു. ഇവരെല്ലാം സുരക്ഷിതരാണ്. രാത്രിയും പകലുമായി 14 മണിക്കൂര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നത്. അമ്പത് പേരടങ്ങുന്ന നാല് സംഘങ്ങളാണ് ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നത്. വനനിരീക്ഷണത്തിനായി ഡ്രോണുകളും വിന്യസിച്ചിരുന്നു.

പശുവിനെ കാണാതായതിനെ തുടര്‍ന്ന് ആദ്യം മായയാണ് വനത്തിലേക്ക് പോയത്. കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് വൈകീട്ട് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്. എന്നാല്‍, പിന്നീട് കാണാതായ പശു തിരികെയെത്തി. മൂന്നു സ്ത്രീകള്‍ തിരികെയെത്താത്തതിനെ തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ആര്‍ സഞ്ജീവ്കുമാര്‍, കുട്ടംപുഴ സിഐ പി എ ഫൈസല്‍ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Similar News