സിനിമകളിലും കൈകടത്താന്‍ ഉറച്ച് കേന്ദ്രം; പുതിയ സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്‍ പുറത്തിറക്കി

സെന്‍സറിങ് കഴിഞ്ഞ സിനിമ വീണ്ടും പരിശോധിക്കാന്‍ പുതിയ കരട് ബില്ല് കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്.

Update: 2021-06-19 06:15 GMT

ന്യൂഡല്‍ഹി: സിനിമകളിലും കൈകടത്താന്‍ ഉറച്ച് കേന്ദ്രം സര്‍ക്കാര്‍. രാജ്യത്തെ നിലവിലെ സിനിമ നിയമങ്ങള്‍ അടിമുടി മാറ്റി മറിച്ചുകൊണ്ടുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ല്. സെന്‍സറിങ് കഴിഞ്ഞ സിനിമ വീണ്ടും പരിശോധിക്കാന്‍ പുതിയ കരട് ബില്ല് കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്.

നിലവില്‍ രാജ്യത്ത് സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട അനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡാണ്. കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാന്‍ അനുമതിയില്ല. എന്നാല്‍ സിനിമാട്ടോഗ്രാഫ് ഭേദഗതി പ്രകാരം സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. ഈ ബില്ലിലെ വ്യവസ്ഥ പ്രകാരം വ്യാജപതിപ്പെന്ന് പരാതി ലഭിച്ചാല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ കേന്ദ്ര സര്‍ക്കാരിന് പുനപരിശോധിക്കാനാവും.

സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമകള്‍ പുനപരിശോധിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ നേരത്തെ കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇക്കാര്യം സുപ്രിം കോടതിയും അംഗീകരിച്ചിരുന്നു. 2000 നവംബറിലായിരുന്നു ഇത്. ഇക്കാര്യം അട്ടിമറിച്ചാണ് കേന്ദ്രം സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 നിയമം കൊണ്ടുവരുന്നത്.

കൂടാതെ സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കി പുറത്തിറക്കിയാല്‍ ജയില്‍ ശിക്ഷയ്ക്കും പിഴയ്ക്കും ശുപാര്‍ശ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. പുതിയ ഭേദഗതി പ്രകാരം സിനിമയുടെ വ്യാജ പതിപ്പ് നിര്‍മിച്ചാല്‍ മൂന്ന് മാസം വരെ തടവും മൂന്ന് ലക്ഷം പിഴ ശിക്ഷയും ലഭിക്കും.

ഇതുമായി ബന്ധപ്പെട്ട കരട് ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ കരട് ബില്ലില്‍ കേന്ദ്രം ഇപ്പോള്‍ പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ്. ജൂലൈ രണ്ടാം തീയതിക്കകം പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധിച്ചുള്ള അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിര്‍ദ്ദേശം.

Tags:    

Similar News